പ്രതിഷേധത്തിനൊരുങ്ങി വ്യാപാരികളും; നാളെ ലക്കിടിയില്‍ ധര്‍ണ
കല്‍പ്പറ്റ: വയനാട്ടിലെ പ്രധാന റോഡായ താമരശ്ശേരി ചുരത്തിന്റെ അറ്റകുറ്റ പണികള്‍ യഥാസമയം നടത്താതെ വയനാട്ടുകാരെ ഒറ്റപ്പെടുത്തി അന്തര്‍ സംസ്ഥാന യത്രക്കാരെ തടസപ്പെടുത്തുന്ന സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള കടുത്ത അവഗണനയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
തകര്‍ന്ന ചുരം റോഡ് യുദ്ധകാല അടിസ്ഥാനത്തില്‍ അറ്റകുറ്റപണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധ സൂചനയായി നാളെ രാവിലെ 10.30 ന് ലക്കിടിയില്‍ ധര്‍ണ സംഘടിപ്പിക്കും. തുടര്‍ന്ന് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഈ വിഷയത്തില്‍ സത്വര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ വ്യാപാര സമൂഹം ജില്ലയിലെ ജനങ്ങളെ സംഘടിപ്പിച്ച് വയനാട് ഹര്‍ത്താല്‍, കലക്ടറേറ്റ് മാര്‍ച്ച് തുടങ്ങിയവക്ക് നേതൃത്വം കൊടുക്കും. ചുരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ തുടക്കമിട്ട പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് നിര്‍മാണം പുനരാരംഭിക്കണമെന്നും, പേര്യ ചുരവും അറ്റകുറ്റ പണിനടത്തി ഗതാഗത യോഗ്യമാക്കണമെന്നും, വയനാട്ടിലെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നഞ്ചന്‍കോട് റെയില്‍ പദ്ധതി അട്ടിമറിച്ച സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ല പ്രസിഡന്റ് കെ.കെ വാസുദേവന്‍, ജനറല്‍ സെക്രട്ടറി ഒ.വി വര്‍ഗ്ഗീസ്, ട്രഷര്‍് ഇ ഹൈദ്രു, കെ കുഞ്ഞിരായിന്‍ ഹാജി, നൗഷാദ് കാക്കവയല്‍, മുജീബ് ചുണ്ട, സി.വി വര്‍ഗ്ഗീസ്, അഷറഫ് വേങ്ങാട്, അഷറഫ് കൊട്ടാരം എന്നിവര്‍ പങ്കെടുത്തു.
സര്‍ക്കാരിന്റെ വയനാടിനോടുള്ള അവഗണന
അവസാനിപ്പിക്കണം:
പ്രവാസിലീഗ്
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ വയനാട്ടുകാരോട് കാണിക്കുന്ന അനീതി അവസാനിപ്പിക്കണമെന്ന് പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി.
ജില്ലയുടെ ജീവനാഡിയായ ചുരം റോഡ് തകര്‍ന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇത് നന്നാക്കാന്‍ ഒരു നടപടിയും സീകരിക്കാതെ പത്രപ്രസ്താവന മാത്രം നടത്തി ഭരണകൂടം തടി തപ്പുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
രോഗികള്‍ ചികിത്സ കിട്ടാതെ നെട്ടോട്ടമോടുമ്പോള്‍ വയനാട് മെഡിക്കല്‍ കോളജിന്റെയും. ശ്രീചിത്തിര മെഡിക്കല്‍ സെന്ററിന്റെയും കാര്യത്തില്‍ അലംഭാവമാണ് സര്‍ക്കാര്‍ കാണിക്കുന്നത്. സ്വകാര്യ ആശുപത്രികളെ സഹായിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈകൊള്ളുന്നതെന്നും യോഗം ആരോപിച്ചു. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില കുറവ്, വന്യമൃഗങ്ങളുടെ ശല്ല്യം എന്നിവ കൊണ്ട് നട്ടെല്ലൊടിഞ്ഞ കര്‍ഷകരെ സഹായിക്കാന്‍ പ്രത്യേക പാക്കേജ് കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ നൂറുദ്ധീന്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ മടക്കിമല, ഷംസുദ്ധീന്‍ പടിഞ്ഞാറത്തറ, കുഞ്ഞബ്ദുല്ല മാനാത്തൊടുക, കുഞ്ഞിപ്പ കണ്ണിയന്‍, സദ്ധാം കുഞ്ഞിമുഹമ്മദ്, ഹംസ കല്ലുങ്ങല്‍, സിദ്ധീക്ക് പിണങ്ങോട്, വെട്ടന്‍ മമ്മുട്ടി ഹാജി, ബഷീര്‍ പുത്തുകണ്ടി, സി.ട്ടി മൊയ്തീന്‍, കുഞ്ഞബ്ദുല്ല കോട്ടത്തറ, ഉസ്മാന്‍ മേമന, റഷീദ് മേപ്പാടി, അബുഹാജി, സംസാരിച്ചു.
യു.ഡി.എഫ് പ്രതിഷേധ സദസ് ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും
കല്‍പ്പറ്റ: വയനാട് ചുരം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജില്ലാ യു.ഡി.എഫ് കമ്മിറ്റി നടത്തുന്ന പ്രതിഷേധ കൂട്ടായ്മ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലക്കിടി ചുരം കവാടത്തില്‍ ഉദ്ഘാടനം ചെയ്യും.
മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനുവരി മൂന്നിന് ഉച്ചയ്ക്ക് ഒന്നിന് പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുക്കുന്നതിന് വേണ്ടി ലക്കിടിയില്‍ എത്തിച്ചേരണമെന്ന് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."