അശാസ്ത്രീയമായ റോഡ് നിര്‍മാണം: നെല്ലാപ്പാറ വളവില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു
തൊടുപുഴ: കെ.എസ്.ടി.പി പദ്ധതിയില്‍പെടുത്തി ആധുനിക രീതിയില്‍ പൂര്‍ത്തിയാക്കിയ പുനലൂര്‍ - മൂവാറ്റുപുഴ സ്റ്റേറ്റ് ഹൈവേയുടെ ഭാഗമായ പാലാ റോഡിലെ നെല്ലാപ്പാറ വളവില്‍ വാഹനാപകടം വര്‍ധിക്കുന്നു.
മനോഹരമായി നിര്‍മിച്ചിരിക്കുന്ന വീതിയിലുള്ള റോഡില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഇരുപതോളം വാഹനാപകടങ്ങള്‍ ഉണ്ടായി. കൊടും വളവും അശാസ്ത്രീയമായ റോഡ് നിര്‍മാണവുമാണ് ഇവിടെ അപകടങ്ങള്‍ക്ക് കാരണമാകുന്നത്.
കാല്‍നട യാത്രക്കാര്‍ക്കുള്ള നടപ്പാത ഇല്ലാത്തതിനാല്‍ വഴിയാത്രക്കാരുടെ സമീപത്തേക്ക് വണ്ടി പാഞ്ഞുകയറിയ സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. വളവുകള്‍ നിലനിര്‍ത്തി റോഡിനു വീതി കൂട്ടിയപ്പോഴാണ് അപകടം വര്‍ധിച്ചത്.
വളവുകള്‍ ഇല്ലാതാക്കാന്‍ ഭൂമി ഏറ്റെടുത്തെങ്കിലും ചിലരുടെ ഒത്തുകളിമൂലം റോഡിന്റെ വളവ് നിവര്‍ത്താനുള്ള ശ്രമം ഉപേക്ഷിച്ചു. പല മേഖലയിലും ഇതു സംബന്ധിച്ചു പരാതി ഉയര്‍ന്നിരുന്നു. തൊടുപുഴ - പാലാ റോഡിലൂടെ സഞ്ചരിക്കുന്നവര്‍ നല്ലതുപോലെ ശ്രദ്ധിക്കേണ്ട അവസ്ഥയാണ്.
132 കിലോറ്റീര്‍ ദൈര്‍ഘ്യമുള്ള മൂവാറ്റുപുഴ - പുനലൂര്‍ പാതയില്‍ കരിങ്കുന്നം, നെല്ലാപ്പാറ, കോലാനി ഭാഗങ്ങളിലാണ് ഇത്തരത്തിലുള്ള കൊടും വളവുകള്‍ ഏറെയും.
രാത്രിയില്‍ ഇതുവഴി എത്തുന്ന വാഹനങ്ങള്‍ക്കാണ് വളവുകള്‍ ഭീഷണിയാകുന്നത്. എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ സാധിക്കാത്ത വിധത്തിലുള്ള കൊടും വളവുകളില്‍ വാഹനങ്ങളെ നിയന്ത്രിക്കാന്‍ ഏറെ പണിപ്പെടണം.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയും നെല്ലാപ്പാറ വളവില്‍ അപകടമുണ്ടായി. കെ.എസ്.ആര്‍.ടി. സി ബസും തടി ലോറിയും നാഷണല്‍ പെര്‍മിറ്റ് ലോറിയുമാണ് അപകടത്തില്‍ പെട്ടത്.
റോഡിനായി ഏറ്റെടുത്ത സ്ഥലം പരമാവതി പ്രയോജനപ്പെടുത്താതെ ടാറിംഗ് നടത്തിയതാണ് വളവുകള്‍ അപകടക്കെണിയായി മാറാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."