മീനുകളുടെ വയറ്റിലും പ്ലാസ്റ്റിക്; ദുരന്തഫലങ്ങള്‍ ഓര്‍മിപ്പിച്ച് 'മീനുകളുടെ ശ്മശാനം'
കൊച്ചി: മീനുകളുടെ വയറിനുള്ളില്‍ പ്ലാസ്റ്റിക് കണ്ടെത്തിയതിനെ തുടര്‍ന്ന് കടലില്‍ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ദുരന്തഫലങ്ങള്‍ ഓര്‍മിപ്പിക്കാന്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സി.എം.എഫ്.ആര്‍.ഐ ഫോര്‍ട്ട് കൊച്ചിയില്‍ 'മീനുകളുടെ ശ്മശാനം' ഒരുക്കി.
മീനുകള്‍ക്ക് ഉള്ളിലും അപകടകരമാം വിധത്തില്‍ പ്ലാസ്റ്റിക്കിന്റെ സൂക്ഷ്മ അംശങ്ങളുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അശ്രദ്ധമായി പ്ലാസ്റ്റിക് വലിച്ചെറിയുന്നതിനെതിരേ പ്രതീകാത്മക ശ്മശാനം ഒരുക്കി ബോധവല്‍ക്കരണം നടത്തുന്നത്.
പ്ലാസ്റ്റിക് ഉള്ളിലെത്തി ചത്തുമലര്‍ന്ന് കിടക്കുന്ന മീനുകളുടെ ശ്മശാനമാണ് ശാസ്ത്രീയ പഠനങ്ങളെ ആധാരമാക്കി തയാറാക്കിയ കലാസൃഷ്ടിയുടെ ആശയം.
അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ മത്സ്യം കഴിക്കുന്നതിലൂടെ നമ്മളിലേക്ക് തന്നെ തിരിച്ചുവരുന്നുണ്ടെന്ന് 'മീനുകളുടെ ശ്മശാനം' ഓര്‍മപ്പെടുത്തുന്നു. 2500 ചതുരശ്ര അടിയിലധികം വ്യാപ്തിയും 13 അടി ഉയരവുമുള്ള കലാരൂപം നിര്‍മ്മിച്ചത് ശില്‍പികളായ മനോജ് ബ്രഹ്മമംഗലവും പ്രമോദ് ഗോപാലകൃഷ്ണനുമാണ്.
കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ്ഭാരത് അഭിയാനിന്റെ കീഴില്‍ സി.എം.എഫ്.ആര്‍.ഐ നടത്തിവരുന്ന മാലിന്യവിമുക്ത സമുദ്രം ബോധവല്‍കരണ കാംപയിനിന്റെ ഭാഗമായാണ് പരിപാടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."