ലിജാഷിനെ അറിയുക ആക്‌സിലേറ്ററില്‍ കൈ വയ്ക്കുംമുന്‍പ്... മുസ്തഫ പി വെട്ടത്തൂര്‍
അരക്കുപറമ്പ്: റോഡ് നിയമങ്ങളും മുന്നറിയിപ്പുകളും വകവയ്ക്കാതെ ഇരുചക്രവാഹനങ്ങളില്‍ 'ചീറുന്ന' കൗമാരക്കാര്‍ക്ക് ലിജേഷിനെ പരിചയപ്പെടുത്തുകയാണ്. ലൈസന്‍സെടുക്കാന്‍ പ്രായമാകുംമുന്‍പേ മക്കള്‍ക്ക് ഇരുചക്ര വാഹനം നല്‍കുന്ന രക്ഷിതാക്കളും ഇതൊന്നു വായിക്കണം. ഇതു താഴേക്കോട് പഞ്ചായത്തിലെ അരക്കുപറമ്പ് പള്ളിക്കുത്തിലെ തുവ്വശ്ശേരി അബ്ബാസ്-കദീജ ദമ്പതികളുടെ മകന്‍ മുഹമ്മദ് ലിജാഷിന്റെ കഥയാണ്, അല്ല ജീവിതമാണ്.
കൂട്ടുകാര്‍ക്കൊപ്പം കളിചിരികളുമായി നടന്നിരുന്ന ഈ 15കാരന്‍ ഒരു വര്‍ഷത്തിലേറെയായി ജീവിക്കാന്‍ വിധിയോടു പൊരുതുകയാണ്. വെട്ടത്തൂര്‍ ഹൈസ്‌കൂളില്‍ പഠിക്കവേ ഒന്‍പതിലേക്കു ജയിച്ചു സ്‌കൂള്‍ തുറക്കുന്നതും കാത്തിരിക്കുകയായിരുന്ന ലിജാഷാണ് പിന്നീട് സ്‌കൂളും മനസും ഓര്‍മയുമില്ലാതെ ജീവിക്കുന്നത്. 2016മെയ് 20നായിരുന്നു ലിജാഷിന്റെ ജീവിതത്തിലേക്കു വിധി അപകടരൂപത്തില്‍ എത്തിയത്. നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്റെ ആഹ്ലാദപ്രകടനത്തില്‍ പങ്കെടുക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം തിരിച്ചതായിരുന്നു.
കൂട്ടുകാരന്റെ ബൈക്കില്‍ ലിജാഷ് ഉള്‍പ്പെടെ മൂന്നുപേര്‍. ലിജാഷ് ഏറ്റവും പിന്നിലായിരുന്നു. കാര്യവട്ടം-വെട്ടത്തൂര്‍ റോഡില്‍ തേലക്കാട്ടുവച്ചു ബൈക്ക് എതിരേവന്ന പാഴ്‌സല്‍ ലോറിയില്‍ ഇടിച്ചു. മൂന്നുപേരും തെറിച്ചുവീണു. ലിജാഷിന്റെ തലയ്ക്കായിരുന്നു പരുക്ക്. അപകടത്തിന്റെ ആഘാതത്തില്‍ ചലനശേഷി നഷ്ടപ്പെട്ട ലിജാഷിന് ഓര്‍മകള്‍ പൂര്‍ണമായും മാഞ്ഞു. പെരിന്തല്‍മണ്ണയില്‍നിന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കു മാറ്റി. ഓപറേഷനുകള്‍ പലതു നടത്തി. ഫിസിയോ തെറാപ്പികള്‍ ഉള്‍പ്പടെയുള്ള ചികിത്സകള്‍ തുടര്‍ന്നതോടെ നേരിയ പ്രതീക്ഷനല്‍കി തലഭാഗംചലിപ്പിക്കാനും ഭക്ഷ്യവസ്തുക്കള്‍ കഴിക്കാനും തുടങ്ങി. എന്നാലും, ഇപ്പോഴും ആയുര്‍വേദ ചികിത്സയുമായി നാലു ചുമരുകള്‍ക്കുള്ളില്‍ ഒരേ കിടപ്പിലാണ് ഈ വര്‍ഷം കൂട്ടുകാര്‍ക്കൊപ്പം എസ്.എസ്.എല്‍.സി പരീക്ഷ എഴുതേണ്ടിയിരുന്ന ലിജാഷ്.
18ലക്ഷത്തിലേറെ രൂപ ഈ നിര്‍ധന കുടുംബം ഇതിനകം ചികിത്സയ്ക്കായി ചെലവഴിച്ചു. നല്ലവരായ നാട്ടുകാരും ബന്ധുക്കളും വെട്ടത്തൂര്‍ സ്‌കൂളിലെ സഹപാഠികളും ഉള്‍പ്പെടെ സുമനസുകളുടെ സഹായവുമുണ്ടായി. സദാസമയവും ശുശ്രൂക്ഷക്കായി അടുത്തുവേണമെന്നതിനാല്‍ ലിജേഷിന്റെ പിതാവിനു ജോലിക്കുപോലും പോകാന്‍ സാധിക്കുന്നില്ല. അശ്രദ്ധമായ ഡ്രൈവിങ് മൂലം അപകടത്തില്‍പെടുന്നവരുടെ എണ്ണം ദൈനംദിനം വര്‍ധിച്ചുവരുമ്പോള്‍ അവരില്‍ ഒരാളുമാത്രമാണ് ലിജാഷ്. എന്നെങ്കിലും പഴയ കളിചിരികളിലേക്ക് അവന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ പ്രാര്‍ഥനയിലാണ് ഈ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."