മുജാഹിദ് സമ്മേളനത്തില്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് ഒത്തുതീര്‍പ്പായി
കോഴിക്കോട്: പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ സംബന്ധിച്ച വിവാദത്തില്‍ ഒത്തുതീര്‍പ്പായി. സമസ്ത ഉന്നതാധികാര സമിതിയും, കോ-ഓര്‍ഡിനേഷന്‍ ഭാരവാഹികളും ചുമതലപ്പെടുത്തിയ അഞ്ചംഗ സമിതി ഇരുവരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് പ്രശ്‌നപരിഹാരമുണ്ടായത്.
സമസ്തയുടെ ആശയാദര്‍ശങ്ങളില്‍ ഉറച്ചു വിശ്വസിക്കുന്നവരാണ് തങ്ങളെന്നും അതിനുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരുമാണെന്നും ഇരുവരും വ്യക്തമാക്കി. പിതാക്കളും, പിതാമഹന്മാരും നടന്നുവന്ന വഴിയില്‍ നിന്ന് യാതൊരു വ്യതിയാനവും ഉണ്ടാവുകയില്ലെന്നും അവര്‍ പറഞ്ഞു.
പാണക്കാട് സയ്യിദ് കുടുംബത്തോട് സമസ്തയും അതിന്റെ നേതാക്കളും പ്രവര്‍ത്തകരും കാണിച്ചുകൊണ്ടിരിക്കുന്ന സ്‌നേഹാദരവുകള്‍ ഉള്‍കൊള്ളുന്നവരും അക്കാര്യത്തില്‍ കൃതജ്ഞത ഉള്ളവരുമാണ് എന്നും അവര്‍ വ്യക്തമാക്കി.
കൂരിയാട് നടന്ന മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തത് സമസ്ത നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വളരെ വേദന ഉണ്ടാക്കിയത് ഉള്‍ക്കൊള്ളുന്നതായും അവര്‍ സമിതിയെ അറിയിച്ചു. ഭാവിയില്‍ സമസ്ത നേതൃത്വവുമായി കൂടിയാലോചിച്ചു മാത്രം ഇത്തരം കാര്യങ്ങളില്‍ തീരുമാനം ഉണ്ടാവൂയെന്നും അവര്‍ അറിയിച്ചു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട്, പി.കെ കുഞ്ഞാലിക്കുട്ടി, ജബ്ബാര്‍ഹാജി പങ്കെടുത്തു. ഇത് സംബന്ധമായി സോഷ്യല്‍ മീഡിയയിലും മറ്റും വരുന്ന വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് നേതാക്കള്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."