സഭയിലെ വിവാദ ഭൂമിയിടപാട്; പരസ്യ പ്രതികരണത്തിനെതിരേ വിമര്‍ശനം
കൊച്ചി: സീറോ മലബാര്‍ സഭയിലെ വിവാദ ഭൂമിയിടപാട് വിഷയത്തില്‍ വൈദികള്‍ പരസ്യ പ്രതികരണം നടത്തുന്നതിനെതിരേ വിമര്‍ശനം.
പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സഭയുടെ സ്ഥിരം സുന്നഹദോസ് അടിയന്തര യോഗത്തിലാണ് വൈദികര്‍ക്കെതിരേ വിമര്‍ശനം ഉയര്‍ന്നത്. വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍ വൈദികര്‍ സംയമനം പാലിക്കണമെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് രണ്ടു ദിവസത്തിനുള്ളില്‍ പ്രസ്താവന പുറപ്പെടുവിക്കാനും യോഗത്തില്‍ തീരുമാനമായി.
കര്‍ദിനാളിനെതിരേ പരസ്യപ്രസ്താവന നടത്തുന്ന വൈദികര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും. സഭയ്ക്ക് ഇത്തരത്തിലൊരു സാഹചര്യം ഉണ്ടാകരുതായിരുന്നുവെന്നും ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഭൂമിയിടപാടില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്നതു സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് 31ന് ചേരുന്ന സമ്പൂര്‍ണ സുന്നഹദോസില്‍ സമര്‍പ്പിക്കും.
എറണാകുളം- അങ്കമാലി അതിരൂപതയില്‍ മാത്രമായി ഉയര്‍ന്ന പ്രശ്‌നമായതുകൊണ്ട് ഇത് ഈ അതിരൂപതയില്‍ മാത്രമായി ഒതുക്കി നിര്‍ത്താനുള്ള ശ്രമങ്ങളും സ്ഥിരം സുന്നഹദോസില്‍ നടക്കുന്നതായാണ് സൂചന. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും വൈദികരടങ്ങുന്ന സംഘം പരിശോധിക്കുന്നുണ്ട്. ഇടനില നിന്നവരുമായി ഫോണിലും ബന്ധപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."