സി.ബി.ഐ മുന്‍ ഡയരക്ടര്‍ക്കെതിരേ തുടരന്വേഷണത്തിന് നിര്‍ദേശം
ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാരിന്റെ കാലത്തു നടന്ന കല്‍ക്കരിപ്പാടം അഴിമതിക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന സി.ബി.ഐ മുന്‍ ഡയരക്ടര്‍ രഞ്ജിത് സിന്‍ഹയ്‌ക്കെതിരായ ആരോപണത്തില്‍ തുടരന്വേഷണം നടത്താന്‍ സുപ്രിംകോടതി നിര്‍ദേശം. അഴിമതിയന്വേഷണത്തില്‍ ഇടപെടുന്നതിന് സിന്‍ഹ നടത്തിയ ശ്രമം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിക്കാനും ജസ്റ്റിസ് മധന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ ആരോപണവിധേയരായവര്‍ക്ക് അനുകൂലമായി സി.ബി.ഐ ഡയറക്ടര്‍ തന്റെ പദവി ദുരുപയോഗംചെയ്‌തെന്നു പ്രഥമദൃഷ്ട്യാ കോടതിക്കു ബോധ്യം വന്നിട്ടുണ്ടെന്നും ജസ്റ്റിസ് മധന്‍ ബി. ലോക്കൂര്‍ വ്യക്തമാക്കി.
ആരോപണം അന്വേഷിക്കാന്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയ്ക്കു നിര്‍ദേശം നല്‍കി. അന്വേഷണത്തിന് കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ സഹായം തേടാനും കോടതി നിര്‍ദേശിച്ചു.
ഡല്‍ഹിയിലെ വസതിയില്‍ വച്ച് സിന്‍ഹ കല്‍ക്കരി അഴിമതിക്കേസിലെ ചില പ്രതികളുമായി കൂടിക്കാഴ്ച നടത്തിയത് അന്വേഷണത്തെ സ്വാധീനിക്കാനാണെന്ന് ബോധ്യപ്പെട്ടതിനെതുടര്‍ന്ന് സിന്‍ഹയ്‌ക്കെതിരേ കഴിഞ്ഞവര്‍ഷം ജൂണില്‍ സി.ബി.ഐ കോടതി കുറ്റം ചുമത്തിയിരുന്നു. സിന്‍ഹക്കെതിരായി പ്രത്യേക അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു സുപ്രിംകോടതിയെ സമീപിച്ചത് അഭിഭാഷകനായ പ്രശാന്ത് ഭൂഷനായിരുന്നു.
മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് റിലയന്‍സ്, ടാറ്റ, ബിര്‍ള, ജിന്‍ഡാല്‍, ഹിന്‍ഡാല്‍ക്കോ തുടങ്ങിയ കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്കു ലേലംചെയ്യാതെ കുറഞ്ഞ തുകക്ക് കല്‍ക്കരിപ്പാടം ഖനനത്തിന് അനുമതി നല്‍കിയെന്നതാണ് കല്‍ക്കരിപ്പാടം അഴിമതി കേസിന്നാധാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."