എന്‍.വി കൃഷ്ണന് ഹരിദാസ് സ്മാരക പരിസ്ഥിതി അവാര്‍ഡ്
കല്‍പ്പറ്റ: പരിസ്ഥിതി പ്രവര്‍ത്തകനായിരുന്ന വി.എം ഹരിദാസിന്റെ സ്മരണാര്‍ഥം ജില്ലയിലെ മികച്ച പരിസ്ഥിതി സൗഹൃദ കര്‍ഷകന് വയനാട് പ്രകൃതി സംരക്ഷണ സമിതി ഏര്‍പ്പെടുത്തിയ രണ്ടാമത് പുരസ്‌കാരത്തിന് തൃക്കൈപ്പറ്റ വെള്ളംകൊല്ലി എന്‍.വി കൃഷ്ണന്‍ അര്‍ഹനായി. മീനങ്ങാടി ആര്‍.എ.എച്ച്.സി അസിസ്റ്റന്റ് പ്രൊജക്ട് ഓഫിസര്‍ ഡോ.അനില്‍ സക്കറിയ, സീറോ ബജറ്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി.എ ഗോപാലകൃഷ്ണന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ബാബു മൈലമ്പാടി എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. 5,000 രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്ന അവാര്‍ഡ് 29ന് ഉച്ചകഴിഞ്ഞ് രണ്ടിന് ബത്തേരി നായ്‌ക്കെട്ടിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ആത്മ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ ആശ സമ്മാനിക്കുമെന്ന് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍ ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍ എന്നിവര്‍ അറിയിച്ചു.
പ്രകൃതിക്ക് ഇണങ്ങുന്ന കൃഷിരീതികള്‍ അനുവര്‍ത്തിക്കുന്ന കൃഷ്ണന്‍ അറിയപ്പെടുന്ന വന്യജീവി ഫോട്ടോഗ്രാഫറുമാണ്. ഒന്നര ഏക്കര്‍ കരയും രണ്ടര ഏക്കര്‍ വയലും അടങ്ങുന്നതാണ് കൃഷ്ണന്റെ കൃഷിഭൂമി.
ഒരു പതിറ്റാണ്ടിലധികമായി ജൈവമുറയിലാണ് കൃഷി. രാസവളങ്ങളെയും രാസ കീടനാശിനികളെയും തൊടിക്കുപുറത്തു നിര്‍ത്തിയ കൃഷ്ണന്‍ പശുവിന്റെ ചാണകവും മൂത്രവും മാത്രമാണ് വളവും കീടനാശിനിയുമായി ഉപയോഗിക്കുന്നത്. കൃഷിയിടത്തിലുള്ള പക്ഷികളുടെയും ഇതര ജീവികളുടെയും പ്രജനകേന്ദ്രങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള കൃഷിയാണ് ഇദ്ദേഹം നടത്തിവരുന്നത്. പക്ഷികള്‍, പൂമ്പാറ്റകള്‍, നിശാശലഭങ്ങള്‍, ഞണ്ടുകള്‍, പാമ്പുകള്‍, തവളകള്‍ തുടങ്ങി സ്വന്തം കൃഷിയിടത്തിലും പരിസരങ്ങളിലുമായി കണ്ട 500ലധികം ജീവികളെ കൃഷ്ണന്‍ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്.
കൃഷിയിടത്തിലെ ജൈവവൈവിധ്യത്തെക്കുറിച്ച് പഠിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന അപൂര്‍വം കര്‍ഷകരുടെ പട്ടികയിലാണ് കൃഷ്ണനു സ്ഥാനം.
പ്രകൃതിസൗഹൃദ കൃഷിയെക്കുറിച്ച് പരിസരങ്ങളിലുള്ള കര്‍ഷകരെ ബോധവല്‍കിരക്കുന്നതിനു സമയം കണ്ടെത്തുന്ന കൃഷ്ണന്‍ വിദ്യാര്‍ഥികള്‍ക്ക് കാര്‍ഷിക പരിശീലനവും നല്‍കുന്നുണ്ട്. സംഗീതാധ്യാപികയായ ഭാര്യ ജയയും അപര്‍ണ, അഭിരാമി എന്നീ മക്കളും അടങ്ങുന്നാണ് 54 കാരനായ കൃഷ്ണന്റെ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."