രോഗികളെ വലച്ച് ഡോക്ടര്‍മാരുടെ സമരം
മലപ്പുറം: മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരേ ഡോക്ടര്‍മാര്‍ നടത്തിയ സമരം രോഗികളെ ഭാഗികമായി ബാധിച്ചു. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒരുമണിക്കൂര്‍ ഒ.പി ബഹിഷ്‌കരിച്ചതോടൊപ്പം സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരും ഒ.പി ബഹിഷ്‌കരണസമരത്തില്‍ പങ്കെടുത്തതോടെ മണിക്കൂറോളം രോഗികള്‍ക്ക് ചികിത്സ മുടങ്ങി.
ഒരു മണിക്കൂര്‍ ഒ.പി ബഹിഷ്‌കരണമെന്നാണ് ഡോക്ടര്‍മാരുടെ സംഘടന സമരം പ്രഖ്യാപിച്ചിരുന്നതെങ്കിലും ജില്ലാ ആസ്ഥാനത്തെ കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ മൂന്ന് ഡോക്ടര്‍ മാത്രമാണ് ഹാജരായത്. ഇവിടെ ആകെയുള്ള 17 പേരില്‍ 14 പേരും ഇന്നലെ അവധിയിലായിരുന്നു.
മഞ്ചേരി മെഡിക്കല്‍ കോളജ് ജനറല്‍ ആശുപത്രി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, തിരൂര്‍ ജില്ലാ ആശുപത്രികളിലും ഡോക്ടര്‍മാര്‍ രാവിലെ ഒന്‍പത് മുതല്‍ പത്ത് വരെ ഒ.പി ബഹിഷ്‌കരിച്ചു. ഇതോടെ പകര്‍ച്ചപ്പനി ഉള്‍പ്പടെയുള്ള രോഗികള്‍ ബുദ്ധിമുട്ടി.
മഞ്ചേരി മെഡിക്കല്‍ കോളജിലെ ഒരു മണിക്കൂര്‍ നേരത്തെ ഡോക്ടര്‍മാരുടെ ബഹിഷ്‌കരണം മൂലം ഒ.പി പ്രവര്‍ത്തനത്തിന്റെ അവസാന ഘട്ടത്തില്‍ തിരക്ക് അനുഭവപ്പെട്ടു. ഒ.പിയിലേക്ക് ഏറ്റവും കൂടുതല്‍ രോഗികള്‍ എത്തിചേരുന്ന സമയമാണ് ഡോക്ടര്‍മാരുടെ ബഹിഷ്‌കരണം നടന്നത്. ഇതുമൂലമാണ് അവസാന സമയത്ത് തിരക്ക് അനുഭവപ്പെട്ടത്. അതേസമയം ഇന്നലെ പൊതുവേ ഒ.പിയിലെത്തിയ രോഗികളുടെ എണ്ണത്തില്‍ തന്നെ വലിയ കുറവനുഭവപ്പെട്ടതായി ഡോക്ടര്‍മാര്‍ പറയുന്നു. ഡോക്ടര്‍മാരുടെ സമരം മുന്‍കൂട്ടി അറിഞ്ഞതിനാലാണിത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലടക്കം കെ.ജി.എം.ഒ.എ.യുടെ നേതൃത്വത്തില്‍ സമരത്തിന്റെ കാരണം വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."