മോഷണം പതിവ്: പൊലിസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സമരത്തിലേക്ക്
ബദിയഡുക്ക: മുണ്ട്യത്തടുക്കയിലും പരിസര പ്രദേശങ്ങളിലും മോഷണം പതിവായിട്ടും പൊലിസ് അനാസ്ഥ കാണിക്കുന്നവെന്നാരോപിച്ച് നാട്ടുകാര്‍ സമരത്തിനിറങ്ങുന്നു. അന്വേഷണം ഊര്‍ജിതമായി നടക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പൊലിസ് സ്റ്റേഷനു മുന്നില്‍ ധര്‍ണ നടത്തും. കഴിഞ്ഞ ദിവസം രാത്രി പള്ളം ഗുണാജെയില്‍ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് ബൈക്കുകള്‍ മോഷ്ടിക്കുവാന്‍ ശ്രമം നടന്നുവെങ്കിലും ഒരു ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയാതെ അര കിലോ മീറ്റര്‍ അകലെ ബൈക്ക് കേട് പാട് വരുത്തി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഗുണാജെയിലെ ബാസില്‍ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഗുണാജെയിലെ മുഹമ്മദ് അലിയുടെതാണ് മോഷണം പോയ ബൈക്ക്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
ഒരു മാസം മുമ്പ് പ്രദേശത്തെ നാരായണ നായക്കിന്റെ വീട്ടില്‍ പുലര്‍ച്ചെ മൂന്നോടെയെത്തിയ മുഖം മൂടി സംഘം വാതില്‍ മുട്ടി വിളിക്കുകയും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ നായക്കിനെ തള്ളി മാറ്റി അകത്ത് കടന്ന സംഘം 60000 വില മതിക്കുന്ന ഐ ഫോണ്‍, ഹെല്‍മറ്റ്, മുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കിന്റെ ടാങ്കില്‍ നിന്നു പെടോള് എന്നിവ മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് സമീപത്തെ ഒരു കര്‍ഷകന്റെ വീട്ടിലെത്തിയ മൂന്നംഗ സംഘം ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന വീട് പരിശോധിക്കണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അലമാരയുടെ താക്കോല്‍ കൈക്കലാക്കിയ പണവും സ്വര്‍ണവും കവര്‍ന്നിരുന്നു. ഈ സംഭവങ്ങളില്‍ ബദിയഡുക്ക പൊലിസില്‍ പരാതി നല്കിയതല്ലാതെ കേസ് രജിസ്റ്റര്‍ ചെയ്യുവാനോ പരാതിയെകുറിച്ച് അന്വേഷിക്കുവാനോ പ്രതികളെ കണ്ടെത്താനോ പൊലിസ് തയാറായിട്ടില്ലെന്നാണ് ആരോപണം.
മോഷണം പെരുകുന്ന സഹാചര്യത്തില്‍ നടപടി ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പൊലിസ് സ്റ്റേഷന് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കുമെന്ന് എണ്‍മകജെ പഞ്ചായത്ത് ഗുണാജെ വാര്‍ഡ് അംഗം സിദ്ദിഖ് വളമുഗര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."