മാളയിലെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് സ്വകാര്യ പമ്പ് ഡീസല്‍ നല്‍കുന്നത് നിര്‍ത്തി
മാള:പണം നല്‍കാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സി.ക്ക് ഡീസല്‍ നല്‍കുന്നത് സ്വകാര്യ പമ്പ് നിര്‍ത്തിവെച്ചു. സ്വകാര്യ പമ്പില്‍ നിന്ന് ഡീസല്‍ അടിച്ച വകയില്‍ 18 ലക്ഷത്തോളം രൂപയാണ് നല്‍കാനുള്ളത്. കെ.എസ്.ആര്‍.ടി.സി മാള ഡിപ്പോയിലെ ഡീസല്‍ ടാങ്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് ഏതാനും നാളായി സ്വകാര്യ പമ്പില്‍ നിന്ന് ഇന്ധനം നിറച്ചിരുന്നത്. വെള്ളം കയറിയ ടാങ്ക് ഇനിയും ശരിയാക്കാന്‍ കഴിഞ്ഞിട്ടില്ല. മാള ഡിപ്പോയിലെ ഉദ്യോഗസ്ഥര്‍ വ്യക്തിപരമായുള്ള ബന്ധം ഉപയോഗിച്ചാണ് സ്വകാര്യ പമ്പില്‍ നിന്ന് ഇത്രയും നാള്‍ പണമില്ലാതെ ഡീസല്‍ അടിച്ചിരുന്നത്. ശരാശരി മൂന്ന് ലക്ഷം രൂപയുടെ ഇന്ധനം ഓരോ ദിവസവും വേണ്ടിവന്നിരുന്നു. തുടര്‍ന്ന് മാള ഡിപ്പോയിലെ ഉദ്യോഗസ്ഥരുടെ ഉറപ്പ് പാലിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഡീസല്‍ നല്‍കുന്നത് നിര്‍ത്തിവെച്ചു. കോര്‍പ്പറേഷന്‍ പണം നല്‍കുമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ പമ്പില്‍ നിന്ന് ഇന്ധനം നിറച്ചിരുന്നത്. നേരത്തെ ഇത്തരത്തില്‍ ഉണ്ടായിരുന്ന കടം അടുത്തകാലത്താണ് കൊടുത്തുതീര്‍ത്തത്. മാള ഡിപ്പോയില്‍ വരുന്ന വരുമാനം കൃത്യമായി കോര്‍പ്പറേഷന് നല്‍കുന്നുണ്ട്. ഇപ്പോള്‍ മറ്റു ഡിപ്പോകളില്‍ നിന്ന് ഇന്ധനം നിറച്ചാണ് മാള ഡിപ്പോയിലെ ബസുകള്‍ സര്‍വിസ് നടത്തുന്നത്.കെ.എസ്.ആര്‍.ടി.സി മാള ഡിപ്പോയിലെ ഡീസല്‍ ടാങ്കിന്റെ പ്രശ്‌നം തീരാത്തത് ജീവനക്കാരേയും യാത്രക്കാരേയും ഒരേപോലെ ദുരിതത്തിലാക്കുന്നു. രണ്ടാഴ്ച മുന്‍പ് തകരാറിലായ ഡിപ്പോയിലെ ഡീസല്‍ ടാങ്ക് ഇതുവരേയും പൂര്‍വ്വസ്ഥിതിയിലാക്കിയിട്ടില്ല. പത്ത് വര്‍ഷം മുന്‍പ് സ്ഥാപിച്ച ഡീസല്‍ ടാങ്കില്‍ ഓരുവെള്ളം കയറിതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ടാങ്കിലും പൈപ്പിലും ദ്വാരങ്ങളുണ്ടായതാണ് വേലിയേറ്റ സമയത്ത് ടാങ്കിലേക്ക് ഓരുവെള്ളം കയറാന്‍ കാരണം. ഇതേതുടര്‍ന്ന് ഡീസലടിച്ച് പോയ ബസുകള്‍ പലയിടത്തായി തകരാറിലായിരുന്നു. ഡീസല്‍ ഫില്‍റ്റര്‍ മാറ്റിയാണ് പിന്നീട് ബസുകള്‍ നിരത്തിലിറക്കിയത്. പരനാട്ടുകുന്നിലെ സ്വകാര്യ പമ്പില്‍ നിന്നും ഡീസലടിച്ചാണ് ദിവസങ്ങളോളം ബസ്സുകള്‍ ഓടിച്ചത്. വീണ്ടും പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് ബസുകളുടെ ഓട്ടത്തിനിടക്കാണ് ഡീസലടിക്കുന്നത്. ആലുവ, പറവൂര്‍, തൃശ്ശൂര്‍, ചേര്‍ത്തല തുടങ്ങിയ ഡിപ്പോകളില്‍ നിന്നാണ് നിലവില്‍ ഡീസലടിക്കുന്നത്. ഇത് ഒട്ടേറെ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. സര്‍വിസുകളുടെ ഇടവേളകളിലാണ് ബസില്‍ ഡീസലടിക്കുന്നത്. ഡീസലടിക്കാന്‍ പമ്പില്‍ ചെല്ലുമ്പോള്‍ മറ്റു ബസുകള്‍ ഡീസലടിക്കാനുണ്ടെങ്കില്‍ സമയമേറെ നഷ്ടപ്പെടും. സമയക്രമം തെറ്റിച്ചാവും പിന്നീട് സര്‍വിസ് നടത്താനാകുക. ഭക്ഷണ സമയത്താണ് ഡീസലടിക്കുന്നതെങ്കില്‍ വിശ്രമ സമയം നഷ്ടപ്പെടും. സമയക്രമം തെറ്റുന്നതോടെ എല്ലാ സ്റ്റോപ്പുകളിലും ബസ് നിര്‍ത്താനാകാത്ത സാഹചര്യമുണ്ടാകും.ഇത് മൂലം സ്റ്റോപ്പുകളില്‍ കാത്ത് നില്‍ക്കുന്ന യാത്രക്കാര്‍ക്കും ദുരിതമാകുന്നു. സമയക്രമം തെറ്റുന്നത് കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തേയും ബാധിക്കുന്നുണ്ട്. ഇതിനിടെ പുതിയ ടാങ്ക് സ്ഥാപിക്കല്‍ അനന്തമായി നീളുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."