കേരള പ്രീമിയര്‍ ലീഗ് നാലാം എഡിഷന്‍ പോരാട്ടങ്ങള്‍ ഏപ്രില്‍ മാസം തുടങ്ങും
കൊച്ചി: കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള പ്രീമിയര്‍ ലീഗിന്റെ നാലാമത് എഡിഷന് ഏപ്രില്‍ ആദ്യവാരം തുടക്കമാകും. പുതിയ രീതിയിലാണ് ഇത്തവണ ലീഗ് മത്സരങ്ങള്‍ നടക്കുക. ഹോം, എവേ അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങള്‍. കഴിഞ്ഞ സീസണ്‍ വരെ ഒരേയൊരു വേദി മാത്രമാണുണ്ടായിരുന്നത്. ഒന്‍പതു ടീമുകളുടെ പങ്കാളിത്തം ഇതുവരെ കെ.എഫ്.എ ഉറപ്പാക്കിയിട്ടുണ്ട്.
ഏപ്രില്‍ രണ്ടിനു മലപ്പുറം കോട്ടപ്പടി മൈതാനത്ത് കേരള പൊലിസും ഗോകുലം എഫ്.സിയും തമ്മിലായിരിക്കും ഉദ്ഘാടന മത്സരം. രണ്ടു മാസം നീളുന്ന ലീഗില്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും മത്സരങ്ങള്‍. ഒരു ദിവസം രണ്ടു വേദികളിലായി ഓരോ മത്സരങ്ങള്‍ വീതം നടക്കും. ആകെ 56 മത്സരങ്ങളാണുണ്ടാവുക. വിജയികള്‍ക്ക് രണ്ടു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്കു ഒരു ലക്ഷം രൂപയുമാണ് പ്രൈസ് മണി.
വിവിധ ടീമുകളും ഹോം ഗ്രൗണ്ടുകളും: ക്വാര്‍ട്‌സ് എഫ്.സി - കോര്‍പറേഷന്‍ സ്റ്റേഡിയം കോഴിക്കോട്, കേരള പൊലിസ് - കോട്ടപ്പടി മൈതാനം മലപ്പുറം, സാറ്റ് തിരൂര്‍ - മുനിസിപ്പല്‍ സ്റ്റേഡിയം തിരൂര്‍, ഗോകുലം- എഫ്.സി മഞ്ചേരി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം, എഫ്.സി കേരള- തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയം, സെന്‍ട്രല്‍ എക്‌സൈസ് - അംബേദ്ക്കര്‍ സ്റ്റേഡിയം കൊച്ചി, എസ്.ബി.ടി- ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം തിരുവനന്തപുരം, കെ.എസ്.ഇ.ബി- ശ്രീപാദം മിനി സ്റ്റേഡിയം ആറ്റിങ്ങല്‍.
ആദ്യമായി തുടങ്ങിയ കേരള അക്കാദമി ലീഗില്‍ അണ്ടര്‍-10, അണ്ടര്‍-12 വിഭാഗങ്ങളിലെ ജില്ലാ തല മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. അടുത്ത മാസം മേഖല മത്സരങ്ങള്‍ തുടങ്ങും. അണ്ടര്‍-14, അണ്ടര്‍-16 വിഭാഗങ്ങളുടെ ജില്ലാതല മത്സരങ്ങളും ഇതോടൊപ്പം ആരംഭിക്കും. എല്ലാ വിഭാഗങ്ങളുടെയും ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കും.
കെ.എഫ്.എ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി
കൊച്ചി: സംസ്ഥാനത്തെ ഫുട്‌ബോള്‍ വികസന പരിപാടികളുടെ ഭാഗമായി കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. സംസ്ഥാനത്തുടനീളമുള്ള ഫുട്‌ബോള്‍ അക്കാദമികളെക്കുറിച്ചും കളിക്കാരെക്കുറിച്ചുമുള്ള മുഴുവന്‍ വിവരങ്ങളും ആപില്‍ ലഭിക്കും. ഫുട്‌ബോള്‍ അക്കാദമികളില്‍ ചേരാന്‍ ഉദ്ദേശിക്കുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആപ്ലിക്കേഷന്‍ വഴി സംസ്ഥാനത്തെ അംഗീകൃത അക്കാദമികളെക്കുറിച്ചുള്ള സമഗ്ര വിവരം ലഭിക്കുമെന്നു കെ.എഫ്.എ പ്രസിഡന്റ് കെ.എം.ഐ മേത്തര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. ബംഗളൂരു ആസ്ഥാനമായ ആഡ്‌റഷ് എന്ന സ്ഥാപനമാണ് ആപ് രൂപകല്‍പന ചെയ്തത്. കെ.എഫ്.എ അക്കാദമി എന്ന ടൈറ്റില്‍ സെര്‍ച്ച് ചെയ്താല്‍ ആന്‍ഡ്രോയിഡ് ഫോണില്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ആപ് ഡൗണ്‍ലൗണ്‍ഡ് ചെയ്യാം. ഉടന്‍ തന്നെ വിന്‍ഡോസ് ഫോണുകളിലും ഇതു ലഭ്യമാക്കും.
നിലവില്‍ സംസ്ഥാനത്തെ 75 അക്കാദമികളുടെയും 5000 താരങ്ങളുടെയും മുഴുവന്‍ വിവരങ്ങളും ആപില്‍ ലഭ്യമാണ്. 172 അക്കാദമികളും എണ്ണായിരം താരങ്ങളുമാണു കെ.എഫ്.എയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവശേഷിക്കുന്ന താരങ്ങളുടെ പ്രൊഫൈലും അക്കാദമികളുടെ പൂര്‍ണമായ വിവരങ്ങളും പിന്നീട് ആപ്ലിക്കേഷനില്‍ അപ്‌ലോഡ് ചെയ്യും. അംഗീകൃത പരിശീലകരുടെ വിവരങ്ങളും ആപില്‍ ലഭ്യമാണ്. കെ.എഫ്.എ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റുകളുടെ വിവരങ്ങളും പിന്നീട് ആപ് വഴി ലഭ്യമാക്കും. താരങ്ങളുടെ മുഴുവന്‍ ഡാറ്റാബേസും ഉള്ളതിനാല്‍ പ്രായത്തിലും മറ്റുമുള്ള കൃത്രിമത്വം തടയാന്‍ ആപ് സഹായകരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കെ.എഫ്.എ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍, ആഡ്‌റഷ് ഡയറക്ടര്‍ ഖുഷ് ബഹുഗുണ, കെ.എഫ്.എ മാര്‍ക്കറ്റിങ് ഡയറക്ടര്‍ സുധീര്‍ മേനോന്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."