ചുരം റോഡിന്റെ ശോച്യാവസ്ഥ സര്‍ക്കാര്‍ അനാസ്ഥയുടെ ഉദാഹരണം: ഉമ്മന്‍ ചാണ്ടി
കല്‍പ്പറ്റ: ഒറ്റപ്പെട്ടുനില്‍ക്കുന്ന ഒരു ജില്ലയോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയുടെ ഏറ്റവും വലിയ ഉദാഹരണമാണ് വയനാട് ചുരം റോഡിന്റെ ശോചനീയാവസ്ഥയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ജനങ്ങളുടെ സഞ്ചരിക്കാനുള്ള സ്വാതന്ത്രമാണ് സര്‍ക്കാര്‍ അട്ടിമറിക്കുന്നത്. ഇതിനെതിരേ ജനകീയ പ്രക്ഷോഭത്തിന് യു.ഡി.എഫ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ചുരം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലക്കിടിയില്‍ സംഘടിപ്പിച്ച യു.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2011ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആറ് മാസത്തിനുള്ളില്‍ ചുരം റോഡിന്റെ പ്രവൃത്തി തുടങ്ങുകയും രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.
ഇന്നത് താറുമാറായി കിടക്കുകയാണ്. എല്ലാത്തരത്തിലും വയനാട് നേരിടുന്നത് കടുത്ത അവഗണനയാണ്. ആരോഗ്യമേഘലയില്‍ പിന്നാക്കം നിന്നിരുന്ന വയനാടിനായി പ്രഖ്യാപിച്ച മെഡിക്കല്‍ കോളജും, ശ്രീചിത്ര മെഡിക്കല്‍ സയന്‍സ് ഉപകേന്ദ്രവും ഇന്ന് നിശ്ചലമായി. രാത്രിയാത്രാ നിരോധനം മറികടക്കാന്‍ നാല് വട്ടം ബാംഗ്ലൂരിലെത്തി മൂന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി.
നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റെയില്‍പാതയായിരുന്നു പ്രഥമ പരിഗണന നല്‍കിയിരുന്നത്. പ്രതിഷേധകൂട്ടായ്മയില്‍ ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ സി.പി വര്‍ഗീസ് അധ്യക്ഷനായി.ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, കെ.കെ അഹമ്മദ് ഹാജി, കെ.കെ ഹംസ, ടി ഭൂപേഷ്, അഡ്വ. ജഅ്ഫര്‍, കെ.എല്‍ പൗലോസ്, റോസക്കുട്ടി ടീച്ചര്‍, പി.കെ അബൂബക്കര്‍, സി മൊയ്തീന്‍കുട്ടി, പടയന്‍ മുഹമ്മദ്, സലിം മേമന, കെ ഹാരിസ്, പി.വി കുഞ്ഞിമുഹമ്മദ്, എന്‍.കെ വര്‍ഗീസ്, ടി ഉഷാകുമാരി, പി.പി ആലി, ഗോകുല്‍ദാസ് കോട്ടയില്‍, പി.കെ അനില്‍കുമാര്‍, സി മമ്മി സംസാരിച്ചു. കണ്‍വീനര്‍ പി.പി.എ കരീം സ്വാഗതവും കല്‍പ്പറ്റ മണ്ഡലം ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."