മൊബൈല്‍ കടയിലെ തീപ്പിടിത്തം: 42 ലക്ഷത്തിന്റെ നഷ്ടം
കോഴിക്കോട്: മാവൂര്‍ റോഡിലെ ഷോപ്പിംഗ് കോംപ്ലക്സിലെ മൊബൈല്‍ കടയില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയുണ്ടായ തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്ന് പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലാതെ മറ്റു രീതിയില്‍ തീപടരാന് സാധ്യതയില്ലെന്ന നിഗമനത്തിലാണ് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍.
തീ ഉയര്‍ന്ന കെട്ടിടത്തിലും കടയിലും ഇന്നലെ രാവിലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. അര്‍ധരാത്രി 12.30ഓടെയാണ് മാവൂര്‍ റോഡിലെ ഷറാറ പ്ലാസ ബിള്‍ഡിംഗിലെ മൊബൈല്‍ കടയില്‍ നിന്ന്് തീ പടര്‍ന്നുപിടിച്ചത്. തൊട്ടടുത്തുള്ള രണ്ടു കടകളും പൂര്‍ണമായും കത്തിനശിച്ചു. ഏകദേശം 42 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നതെന്ന് ബീച്ച് ഫയര്‍ സ്റ്റേഷന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഒരുകോടിയിലേറെ രുപയുടെ നാശനഷ്ടം ഉണ്ടായതായാണ് വ്യാപാരികള്‍ പറയുന്നത്.
തലശേരി സ്വദേശിയായ ഷറഫുദ്ദീന് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടം. നേരത്തെതന്നെ ഈ കെട്ടിടത്തിലെ അശാസ്ത്രീയമായ വയറിംഗ് ചൂണ്ടിക്കാട്ടി കെട്ടിടയുടമയ്ക്ക് പരാതി നല്‍കിയിട്ടുണ്ടായിരുന്നുവെന്ന് വ്യാപാരികള്‍ വ്യക്തമാക്കി.
ഷാഫി, മുജീബ്, ഹസീഫ്, ആഷിഖ്, എന്നീവരുടെ ഉമസ്ഥതയിലുള്ള കടകളാണ് കത്തിനശിച്ചത്. മൊബൈല്‍ ഫോണും അനുബന്ധ ഉപകരണങ്ങളും വില്‍ക്കുന്ന കടകളാണിവ. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയുടെ സെക്യൂരിറ്റി ജീവനക്കാരനാണ് പുക ഉയരുന്നത് ആദ്യം കണ്ടത്.
ഇദ്ദേഹം വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്സ് എത്തുകയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 11 യൂണിറ്റ് എത്തിയിരുന്നു. പുലര്‍ച്ചെ മൂന്ന് വരെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫോറന്‍സിക് സംഘം ഇന്നു പരിശോധനക്കായി സ്ഥലത്തെത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."