സ്വകാര്യ ബസ് സമരം ജില്ലയില്‍ പൂര്‍ണം
കൊച്ചി: മിനിമം ചാര്‍ജ് ഒന്‍പതു രൂപയാക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനത്തു സ്വകാര്യ ബസുകള്‍ നടത്തിയ പണിമുടക്കു ജില്ലയില്‍ പൂര്‍ണം. ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലാണു പണിമുടക്കു നടത്തിയത്.
കൊച്ചി നഗരത്തിലടക്കം ജില്ലയിലെ മിക്ക നഗരങ്ങളിലും ഗ്രാമങ്ങളിലും സമരം ബാധിച്ചു. യാത്രക്കാര്‍ കെ.എസ്.ആര്.ടി.സി സര്‍വീസുകളേയും സമാന്തര സര്വിസുകളേയുമാണ് ആശ്രയിച്ചത്.
ഓഫിസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ജീവനക്കാര്‍ പൊതുവേ കുറവായിരുന്നു. കെ.എസ്.ആര്.ടി.സി ബസുകളില്‍ ഏറെ തിരക്ക് അനുഭവപ്പെട്ടു. തിരക്ക് കൂടുതലുള്ള റൂട്ടുകളില്‍ കെ.എസ്.ആര്.ടി.സി പ്രത്യേക സര്‍വിസ് നടത്തി.
വിവിധ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന 2009 ജൂലായ് 14 വരെയുള്ള എല്ലാ സ്വകാര്യ ബസ് പെര്‍മിറ്റുകളും നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കണം.
ദേശസാത്കൃത മേഖലയില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ നിലനിര്‍ത്തുക, വിദ്യാര്‍ഥികളുടെ കുറഞ്ഞ നിരക്ക് രണ്ട് രൂപയാക്കാനുള്ള ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷന് റിപ്പോര്‍ട്ട് നടപ്പാക്കുക, തറ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ നികുതി ഘടനയില്‍ മാറ്റം വരുത്തിയതു പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമില്ലെങ്കില്‍ ഫെബ്രുവരി രണ്ടു മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്റെ ഭാരവാഹികള്‍ അറിയിച്ചു. അതേസമയം ബസ് സമരത്തെത്തുടര്‍ന്നു സ്വകാര്യവാഹനങ്ങള്‍ അധികവും നിരത്തിലിറങ്ങിയതിനാല്‍ നഗരങ്ങളില്‍ ഏറെ തിരക്ക് അനുഭവപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."