അഴീക്കോടിന്റെ അസാന്നിധ്യം നിഴലിക്കുന്നു: കല്‍പ്പറ്റ നാരായണന്‍
കണ്ണൂര്‍: അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന ഇക്കാലത്ത് അഴീക്കോടിന്റെ അസാന്നിധ്യം നിഴലിക്കുന്നുണ്ടെന്ന് എഴുത്തുകാരന്‍ പ്രൊഫ. കല്‍പ്പറ്റ നാരായണന്‍. ഡോ. സുകുമാര്‍ അഴീക്കോടിന്റെ അഞ്ചാം ചരമവാര്‍ഷികത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴീക്കോട് ജീവിതത്തില്‍ അനുഭവിച്ചത് ഒരു സന്ന്യാസിയുടെ സ്വാതന്ത്ര്യമാണ്. ആര്‍ക്കും അതിനെ തടയാനായില്ല. ആ സ്വാതന്ത്ര്യമാണ് അദ്ദേഹത്തില്‍ നര്‍മ ബോധമുണ്ടാക്കിയത്. പ്രേക്ഷകരുടെ താല്‍പര്യത്തിന്റെ അളവും അഴീക്കോടിന്റെ പ്രഭാഷണത്തിലെ ഉന്മേഷത്തിന്റെ അളവും തുല്യമായിരുന്നു. കാഴ്ചയുടെ ലോകത്ത് അഭിരമിക്കുന്ന കാലഘട്ടമാണിത്. എന്നാല്‍ മൂര്‍ച്ചയേറിയ ചിന്തകളുടെയും വാക്കുകളുടെയും വഴിയെയാണ് അഴീക്കോട് സഞ്ചരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സുകുമാര്‍ അഴീക്കോട് സാംസ്‌കാരിക കേന്ദ്രവും ഡോ.സുകുമാര്‍ അഴീക്കോട് ട്രസ്റ്റും ചേര്‍ന്നാണ് അനുസ്മരണം സംഘടിപ്പിച്ചത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയതു. ഡോ. എ.കെ നമ്പ്യാര്‍ അധ്യക്ഷനായി. സുകുമാര്‍ അഴീക്കോടിന്റെ ചരമവാര്‍ത്തകളടങ്ങിയ പത്രവാര്‍ത്തകളുടെ ശേഖരണം തോമസ് പാവറട്ടി മന്ത്രിക്ക് നല്‍കി. ഇത് അഴീക്കോട് പൂതപ്പാറ ഗാന്ധിമന്ദിരത്തിന് സമര്‍പ്പിച്ചു. എം പ്രകാശന്‍, പി രാമകൃഷ്ണന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. എം അബ്ദുറഹിമാന്‍, കെ.പി.എ റഹീം, ടി.എന്‍ ലക്ഷ്മണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."