പാണ്ടിക്കണ്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം അവസാന ഘട്ടത്തില്‍
കുണ്ടംകുഴി: ബേഡഡുക്ക, മുളിയാര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാണ്ടിക്കണ്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം അവസാന ഘട്ടത്തില്‍. റോഡ് ഗതാഗതം സാധ്യമാകും വിധം 104.75 മീറ്റര്‍ നീളത്തിലും 4.27 മീറ്റര്‍ വീതിയിലും പയസ്വിനി പുഴയ്ക്കു കുറുകെ പാണ്ടിക്കണ്ടത്താണു റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം പുരോഗമിക്കുന്നത്.
നാലു മീറ്റര്‍ ഉയരത്തില്‍ ജലം സംഭരിക്കുന്നതിനുള്ള ഒന്‍പതു ഷട്ടറുകളുടെ നിര്‍മാണ പ്രവര്‍ത്തനം മാത്രമാണു ബാക്കിയുള്ളത്. ചെറുകിട ജലസേചന വകുപ്പ് നിര്‍മിക്കുന്ന റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ രൂപരേഖ തയാറാക്കിയതു തിരുവനന്തപുരം ഐ.ഡി.ആര്‍.ബിയാണ്. കൊച്ചിയിലെ കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനു വേണ്ടി ജില്ലയിലെ തന്നെ കരാറുകാരനാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത്. നബാര്‍ഡിന്റെ അംഗീകാരവും സഹായധനവും ലഭിച്ച പദ്ധതിയുടെ ആകെ ചെലവ് 20 കോടി 60 ലക്ഷം രൂപയാണ്.
പദ്ധതി പൂര്‍ത്തിയാവുന്നതോടെ മുളിയാര്‍, കൊളത്തൂര്‍, ബേഡഡുക്ക വില്ലേജുകളിലെ 2010 ഏക്കര്‍ ഭൂമിയില്‍ ജലസേചന നടത്താനും സമീപ പ്രദേശങ്ങളില്‍ ജലസാന്നിധ്യം ഉറപ്പു വരുത്താനും സാധിക്കുമെന്നാണു പ്രതീക്ഷ. അതിനു പുറമെ കാറഡുക്ക ബ്ലോക്കിലേക്ക് എത്തിചേരാനും പാലം ഏറെ ഉപകരിക്കും.
റഗുലേറ്റര്‍ കം ബ്രിഡ്ജില്‍ നിന്നു ബേഡഡുക്കയിലേക്ക് 250 മീറ്ററും മുളിയാര്‍ പഞ്ചായത്തിലേക്ക് 130 മീറ്റര്‍ റോഡും നിര്‍മിക്കുന്നുണ്ട്. പദ്ധതി യഥാര്‍ഥ്യമാവുന്നതോടെ അതുവഴി ദീര്‍ഘകാലമായി പാലം വെണമെന്ന പ്രദേശവാസികളുടെ ആവശ്യം സഫലമാവുന്നതോടൊപ്പം പ്രദേശത്തെ ജലക്ഷാമത്തിനു പരിഹാരം കാണാനും സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."