കണ്ണുള്ളവര്‍ കാണണം ഈ സമരം
മാനന്തവാടി: ഒരു വന്‍ വിപത്തിനെതിരേ ഒരുകൂട്ടം നിരാലംബര്‍ നടത്തുന്ന സമരം, അതാണ് 2016 ജനുവരി 27ന് സര്‍ക്കാരിന് കീഴിലുള്ള മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡിലെ ബീവറേജ് ഔട്‌ലറ്റ് പൂട്ടണമെന്നാവശ്യപ്പെട്ട് ആദിവാസി അമ്മമാര്‍ നടത്തുന്ന സമരം.
ഒരു വര്‍ഷം പിന്നിടുമ്പോഴും ഭരണകൂടവും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും ഇവരോടുള്ള അവഗണന തുടരുകയാണ്. സമരം നാളേക്ക് ഒരു വര്‍ഷം പിന്നിടുകയാണ്. ഒരു വര്‍ഷത്തിനിടയില്‍ മദ്യപരില്‍ നിന്നും കോളനികളില്‍ നിന്നും ഭരണകൂട, ഉദ്യോഗസ്ഥരില്‍ ഇവര്‍ക്ക് നേരിടേണ്ടി വന്നത് അധിക്ഷേപങ്ങളും അവഗണനയും മാത്രമാണ്.
തുടക്കത്തില്‍ പല സംഘടനകളും പിന്തുണയുമായെത്തിയെങ്കിലും സമരത്തിന് വിജയ സാധ്യതയില്ലെന്ന് കണ്ടതോടെ എല്ലാവരും പിന്‍മാറുകയായിരുന്നു. നിലവില്‍ വിരലിലെണ്ണാവുന്ന ആദിവാസി വീട്ടമ്മമാരും അവര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുന്ന സാധാരണക്കാരായ ഏതാനും പേര്‍ മാത്രമാണ് സമരപ്പന്തലിലുള്ളത്. ആദിവാസി കോളനികളില്‍ സൈ്വരജീവിതം തടസപ്പെടുത്തുന്ന വള്ളിയൂര്‍ക്കാവ് റോഡിലെ ബീവറേജസ് ഔട്‌ലറ്റ് പൂട്ടണമെന്നാവശ്യപ്പെട്ട് ആദിവാസി ഫോറത്തിന്റെ നേതൃത്വത്തിലാണ് ആദിവാസി സ്ത്രീകളെ മുന്നിട്ടിറക്കിക്കൊണ്ട് സമരം ആരംഭിച്ചത്.
ഇതിനോടകം ദയാഭായി, തായാട്ടുബാലന്‍, സോണിയ മല്‍ഹാര്‍, ജേക്കബ് വടക്കാഞ്ചേരി, ഗീതാനന്ദന്‍ തുടങ്ങിയവരടക്കം സമരപ്പന്തലിലെത്തി ഇവര്‍ക്ക് പിന്തുണ നല്‍കിയിരുന്നു. യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചെത്തുകയാണെങ്കില്‍ മദ്യനയത്തിന്റെ ഭാഗമായി അടച്ചു പൂട്ടുന്ന ഔട്‌ലറ്റിന്റെ പട്ടികയിലുള്‍പ്പെടുത്തി മദ്യഷാപ്പ് പൂട്ടാനും പാര്‍ട്ടി തലത്തില്‍ ആലോചന നടന്നിരുന്നു. എന്നാല്‍ ഭരണ മാറ്റം ഉണ്ടായതോടെ ഈപ്രതീക്ഷ അസ്ഥാനത്തായി. മുന്‍ കലക്ടര്‍ ആദിവാസികള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം മദ്യഷാപ്പ് അടച്ചു പൂട്ടാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ നീക്കം മുന്‍കൂട്ടി അറിഞ്ഞ് കോര്‍പറേഷന്‍ അന്ന് തന്നെ ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ നേടുകയായിരുന്നു.
സുപ്രീം കോടതി വിധിപ്രകാരം സംസ്ഥാന പാതയുടെ 500 മീറ്റര്‍ ചുറ്റളവില്‍ നിയമപ്രകാരം ഈ ഔട്‌ലറ്റ് ഉള്‍പ്പെടുമെങ്കിലും പൊതുമരാമത് വകുപ്പ് സ്‌കെച്ച് പ്രകാരം സംസ്ഥാന പാതയായ കൈനാട്ടി തലശ്ശേരി റോഡ് ഗാന്ധി പാര്‍ക്ക് വഴി കടന്നു പോകുമെന്നതിനാല്‍ ഈ ഔട്ട്‌ലറ്റ് ഉള്‍പെടുത്താതിരിക്കാന്‍ തീവ്രശ്രമങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്.സമരം നടത്തുന്ന സ്ത്രീകള്‍ക്കെതിരെയും സമരത്തിന് പിന്തുണ നല്‍കുന്ന നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെടയുള്ളവര്‍ക്കുമെതിരെ ഔട്ട്‌ലറ്റ് മാനേജരുടെ വ്യാജ പരാതിയില്‍ ഇതിനോടകം നിരവധി കേസുകള്‍ പൊലിസെടുത്തിട്ടുണ്ട്. കള്ള കേസുകളെടുത്തതും സമരം അനന്തമായി നീണ്ടുപോയതും ഒപ്പമുണ്ടായിരുന്ന പലരെയും പാതിവഴിക്ക് സമരമുപേക്ഷിക്കേണ്ട അവസ്ഥയിലാക്കി. നിത്യവും ബസ് കൂലി നല്‍കി സമരത്തിനെത്താന്‍ കഴിയാത്തതിനാല്‍ ആഴ്ചയില്‍ വന്നുപോകുന്നവരായും സമരക്കാര്‍ മാറി.
എന്നാല്‍ തുടക്കം മുതല്‍ ഉണ്ടായിരുന്ന വീര്യം ഇപ്പോഴും തളരാതെ നിത്യവും സമരപ്പന്തലിലെത്തുന്ന മാക്ക, വെള്ള, കാക്കമ്മ, സുശീല, ജോച്ചി, കമല, ജാനു, മുണ്ടത്തി, പത്മിനി, ബിന്ദു, വനജ എന്നിവര്‍ക്ക് സമരം വിജയം കാണുകയെന്നത് ജീവിത സമസ്യയായി മാറിയിരിക്കുകയാണ്. സമരത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് ഉച്ചക്ക് സമരപ്പന്തലില്‍ ആദിവാസി വിദ്യാര്‍ഥികളുടെ കലാപരിപാടികളും നാളെ വൈകുന്നേരം പൊതുസമ്മേളനവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."