റോഡ് സുരക്ഷ: ഉപസമിതി ഇന്നു പരിശോധന നടത്തും
കൊച്ചി: ദേശീയപാതയില്‍ കളമശേരി മുതല്‍ ഇടപ്പള്ളി വരെയുള്ള ഭാഗത്ത് വര്‍ധിച്ചുവരുന്ന അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ റോഡ് സുരക്ഷാ സമിതി യോഗം രൂപീകരിച്ച ഉപസമിതി ഇന്ന് പരിശോധന നടത്തും.
ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതി യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് നടപടി. വാഹനങ്ങളുടെ അമിത വേഗവും വേണ്ടത്ര മുന്നറിയിപ്പു സംവിധാനങ്ങള്‍ ഇല്ലാത്തതു മൂലവും ഈ ഭാഗത്ത് അപകടങ്ങള്‍ വര്‍ധിച്ചുവരുകയാണെന്ന് പരാതി വര്‍ധിച്ച സാഹചര്യത്തിലാണ് വിഷയം പരിശോധിക്കാന്‍ തീരുമാനിച്ചത്.
പലയിടങ്ങളിലും സീബ്രാ ലൈനുകള്‍ ഇല്ലാത്തതിനാല്‍ റോഡ് മുറിച്ചുകടക്കാന്‍ കുട്ടികളും പ്രയാസപ്പെടുകയാണ്. മെട്രോ റെയില്‍വേയുടെ പണികള്‍ നടക്കുന്നതു മൂലം പലഭാഗങ്ങളിലും റോഡിനു വീതിയും കുറവാണ്. സീബ്രാലൈനിന്റെ സാധ്യത, കാരിയേജ് വേ, അടയാള, ദിശാ ബോര്‍ഡുകള്‍, യു ടേണ്‍ അടയാളം തുടങ്ങിയ കാര്യങ്ങളാണു സമിതി പരിശോധിക്കുന്നത്. മോട്ടോര്‍വാഹന വകുപ്പ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി ദിലീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ പൊലിസ്, ഡി.എം.ആര്‍.സി, നാറ്റ്പാക്, ദേശീയപാതാ അതോറിറ്റി തുടങ്ങിയവയുടെ പ്രതിനിധികള്‍ അംഗങ്ങളാണ്.
കണ്ടെയ്‌നര്‍ റോഡിലെ ലോറി പാര്‍ക്കിങിന്റെ കാര്യത്തില്‍ ബന്ധപ്പെട്ടവരുടെ യോഗത്തില്‍ ധാരണ ആയതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കളമശേരി മുതല്‍ സിലോണ്‍ കവലവരെയുള്ള ആറുകിലോമീറ്റര്‍ ഭാഗത്താണ് പാര്‍ക്കിങ് നിരോധിച്ചിരിക്കുന്നത്.
യോഗത്തില്‍ ഡിസിപി യതീശ്ചന്ദ്ര, അസി. കളക്ടര്‍ ഡോ. രേണു രാജ്, ആര്‍.ടി.ഒ പി. എച്ച് സാദിക്ക് അലി എന്നിവരും മറ്റ് പൊലിസ് പ്രതിനിധികളും നാറ്റ്പാക്ക്, ദേശീയപാതാ അതോറിറ്റി തുടങ്ങി വിവിധ ഏജന്‍സികളുടെ പ്രതിനിധികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."