മലബാര്‍ സിമന്റ്‌സ് ഫാക്ടറി അടച്ചുപൂട്ടല്‍ ഭീഷണിയില്‍
പൂച്ചാക്കല്‍: സിമന്റ് വില്‍പന കുറവ് മൂലം പള്ളിപ്പുറം മലബാര്‍ സിമന്റ്‌സ് ഫാക്ടറി അടച്ചുപൂട്ടല്‍ ഭീഷണിയില്‍.പ്രതിദിനം 600 ടണ്ണോളം സിമന്റ് വില്‍പനയുണ്ടായിരുന്ന ഇവിടെ 200ടണ്ണോളമായി വരെ സിമന്റ് വില്‍പന കുറഞ്ഞിരിക്കുകയാണ്.ഇതോടെ ദിവസവേതനക്കാരായ കയറ്റിറക്കുതൊഴിലാളികള്‍ ദുരിതത്തിലായി.
ജില്ലയിലെയും പ്രത്യേകിച്ചു ചേര്‍ത്തല താലൂക്കിലെയും മൊത്തവ്യാപാരികള്‍ മാത്രമെ ഇവിടെ നിന്നും സിമന്റ് എടുക്കുന്നുള്ളു.എന്നാല്‍ പതിവായി എടുക്കുന്നുമില്ല. സിമന്റ് എടുക്കുന്നതിനു മൊത്തവ്യാപാരികള്‍ക്കു നല്‍കിയിരുന്ന കടത്തുകൂലി നിര്‍ത്തലാക്കിയതോടെ ഇതരജില്ലകളില്‍ നിന്നുള്ള വ്യാപാരികള്‍ സിമന്റ് എടുക്കുന്നതും കുറച്ചിരിക്കുകയാണ്.സിമന്റിന്റെ ഗുണനിലവാരം സംബന്ധിച്ച പ്രചരണങ്ങള്‍ മുന്‍പ് വില്‍പനയെ ബാധിച്ചിരുന്നെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ മികച്ച ഗുണനിലവാരമുള്ള സിമന്റാണ് ഇതെന്നു തെളിഞ്ഞിരുന്നു. എന്നിട്ടും വിപണി പിടിക്കാന്‍ മലബാര്‍ സിമന്റ്‌സ് മാനേജ്‌മെന്റ് അധികൃതര്‍ക്ക് ആകുന്നില്ല.അതിനിടെ സ്വകാര്യ സിമന്റ് കമ്പനികള്‍ വിലക്കിഴിവ് അടക്കമുള്ളവ നല്‍കി വിപണിയില്‍ മുന്നേറ്റം നടത്തുകയും ചെയ്യുകയാണ്.എറണാകുളം, ആലപ്പുഴ,കോട്ടയം, ഇടുക്കി, കൊല്ലം,പത്തനംതിട്ട,തിരുവനന്തപുരം ജില്ലകള്‍ക്ക് മലബാര്‍ സിമന്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പള്ളിപ്പുറത്ത് ഫാക്ടറി തുടങ്ങിയത്.
സിമന്റ് വില്‍പന കുറഞ്ഞതില്‍ ഏറെ വലയുന്നത് ഇവിടുത്തെ എണ്‍പതോളം കയറ്റിറക്കു തൊഴിലാളികളാണ്.പരമാവധി ടണ്‍ സിമന്റ് വില്‍പന നടന്നാലെ ഇവര്‍ക്ക് പട്ടിണിയില്ലാതെ ജീവിക്കാനാകുകയുള്ളു എന്ന അവസ്ഥയിലാണ്.അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവുമൂലം
വര്‍ഷങ്ങളോളം അടഞ്ഞുകിടന്നിരുന്ന ഫാക്ടറി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പുനരുദ്ധാരണം നടത്തി 2015 മേയിലാണ് പുനരാരംഭിച്ചത്.
വന്‍ലാഭത്തിലായിരുന്നു ആദ്യകാലത്തെ പ്രവര്‍ത്തനം. ഇപ്പോള്‍ കെട്ടിട നിര്‍മാണ സീസണ്‍ തുടങ്ങുന്ന സമയമായതിനാല്‍ സര്‍ക്കാരും മലബാര്‍ സിമന്റ്‌സ് മാനേജ്‌മെന്റും ആവശ്യമായ ഇടപെടലും ഫീല്‍ഡ് പ്രവര്‍ത്തനങ്ങളും നടത്തി പള്ളിപ്പുറം മലബാര്‍ സിമന്റ്‌സ് ഫാക്ടറിയെ സംരക്ഷിക്കണമെന്നാണ് നാടിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."