ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 വിജയിച്ച് ഇന്ത്യ പരമ്പര സമനിലയിലാക്കി
നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ വിജയം സ്വന്തമാക്കി ഇന്ത്യ പരമ്പര സമനിലയിലെത്തിച്ചു. ഇതോടെ മൂന്നാമത്തേയും അവസാനത്തേയും പോരാട്ടം ഇരു ടീമുകള്‍ക്കും നിര്‍ണായകമായി. ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയ ഇന്ത്യക്ക് ഇന്നലത്തെ പോരാട്ടം പരമ്പരയിലെ ആയുസ് നീട്ടാനുള്ള അവസരമായിരുന്നു. അഞ്ചു റണ്‍സിനാണ് ഇന്ത്യ നിര്‍ണായക പോരാട്ടം വിജയിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തപ്പോള്‍ വിജയം തേടിയിറങ്ങിയ ഇംഗ്ലണ്ടിനു 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് നേടാനേ സാധിച്ചുള്ളു.
അവസാന ഓവറില്‍ ഇംഗ്ലണ്ടിനു ജയിക്കാന്‍ എട്ടു റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഈ ഓവറില്‍ മൂന്നു റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി പേസര്‍ ജസ്പ്രിത് ബുമ്റ ഇന്ത്യക്ക് വിജയം സമ്മാനിക്കുകയായിരുന്നു. നേരത്തെ വെറ്ററന്‍ പേസര്‍ ആശിഷ് നെഹ്റ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഇംഗ്ലണ്ടിനായി ജോ റൂട്ട്, സ്റ്റോക്സ് എന്നിവര്‍ 38 റണ്‍സ് വീതമെടുത്തു. നേരത്തെ ടോസ് നേടി ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ഓപണര്‍ കെ.എല്‍ രാഹുല്‍ മികവിലേക്ക് തിരിച്ചെത്തി.
47 പന്തില്‍ ആറു ഫോറും രണ്ടു സിക്സും പറത്തി രാഹുല്‍ 71 റണ്‍സെടുത്ത് ടോപ് സ്കോററായി. മധ്യനിരയില്‍ മനീഷ് പാണ്ഡെ 30 റണ്‍സെടുത്തു. കോഹ്ലി 21 റണ്‍സും സ്വന്തമാക്കി. മറ്റൊരാള്‍ക്കും രണ്ടക്കം കടക്കാന്‍ സാധിച്ചില. ഇംഗ്ലണ്ടിനായി ജോര്‍ദാന്‍ മൂന്നു വിക്കറ്റുകള്‍ പിഴുതു. ജസ്പ്രിത് ബുമ്റയാണു കളിയിലെ കേമന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."