മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പൊലിസ് അക്കാദമിയില്‍ വീണ്ടും അപ്രഖ്യാപിത ബീഫ് നിരോധനം
തൃശൂര്‍: എല്ലാവര്‍ക്കും സ്വന്തം ഇഷ്ടപ്രകാരമുള്ള ഭക്ഷണം കഴിക്കാമെന്നും അതില്‍ ഉദ്യോഗസ്ഥര്‍ ഇടപെടേണ്ടെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം തള്ളിക്കൊണ്ട് തൃശൂര്‍ പൊലിസ് അക്കാദമിയില്‍ അപ്രഖ്യാപിത ബീഫ് നിരോധം തുടരുന്നു.
പൊലിസ് അക്കാദമിയില്‍ കഴിഞ്ഞ ദിവസം വിലക്ക് ലംഘിച്ച് ബീഫ് വിതരണം ചെയ്തവര്‍ക്കെതിരേയും കഴിച്ചവര്‍ക്കെതിരേയും നടപടിയെടുക്കാന്‍ ഐ.ജി സുരേഷ് രാജ് പുരോഹിത് രഹസ്യമായി നീക്കം തുടങ്ങിയതാണ് വിവാദമായിരിക്കുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി അക്കാദമിയില്‍ അപ്രഖ്യാപിത ബീഫ് നിരോധനം നിലനില്‍ക്കുന്നുവന്ന് ഇവിടത്തെ പര്‍ച്ചേസ് രജിസ്റ്റര്‍ വ്യക്തമാക്കുന്നു. സി.പി.എം നേതാവായ എം.ബി രാജേഷാണ് അക്കാദമിയിലെ ബീഫ്‌നിരോധന വാര്‍ത്ത പുറം ലോകത്തെ അറിയിച്ചത്. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം ഈ വിഷയം ചൂണ്ടികാട്ടി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു.
എന്നാല്‍ എല്‍.ഡി.എഫ് മന്ത്രിസഭ അധികാരമേല്‍ക്കവേ ഇതിന്റെ വിജയം ആഘോഷിക്കാനാണ് ഇടതു അനുകൂല പൊലിസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അക്കാദമിയില്‍ ബീഫ് വിതരണം ചെയ്തത്.
അക്കാദമി കാന്റീനില്‍ എത്തിച്ച ബീഫ് നൂറിലധികം ഉദ്യോഗസ്ഥര്‍ കഴിച്ചു. ഇതിനു ശേഷമാണ് ഐ.ജി സംഭവം അറിയുന്നത്. ഇതറിഞ്ഞതോടെയാണ് ഐ.ജി നടപടിയെടുക്കുമെന്ന ഭീഷണി മുഴക്കിയത്.
കാന്റീനില്‍ ആരാണ് ബീഫ് എത്തിച്ചതെന്നും ബീഫ് എത്തിക്കാന്‍ നിര്‍ദേശം കൊടുത്ത ഉദ്യോഗസ്ഥന്‍ ആരാണെന്നും അന്വേഷിക്കാന്‍ ഐ.ജി ഉത്തരവിട്ടിരുന്നുവെങ്കിലും ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്ന കാര്യത്തിലൊന്നും ഉദ്യോഗസ്ഥര്‍ ഇടപടേണ്ടെന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റയുടന്‍ പിണറായി വിജയന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതോടെയാണ് പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഐ.ജിയുടെ പരസ്യമായ നടപടികള്‍ ഒഴിവാക്കി പകരം ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി രഹസ്യമായി ശിക്ഷിക്കാനുള്ള നീക്കം നടക്കുന്നതായിട്ട് ആരോപണം ഉയര്‍ന്നത്. ഇടത് അനുകൂല സംഘടനാ ഭാരവാഹിയായ പൊലിസ് സിവില്‍ ഓഫിസര്‍ക്കെതിരേ ഐ.ജി വാക്കാല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും ഇനിയും പൊലിസ് മെസ്സിലും ക്യാന്റീനിലും ബീഫ് വിളമ്പിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ഐ.ജി എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
എട്ട് ക്യാന്റീനുള്ള പൊലിസ് അക്കാദമിയില്‍ ഓരോ കാന്റീനിനും വേണ്ടി പ്രത്യേകം ഭക്ഷണ കമ്മിറ്റികള്‍ ഉണ്ട്. ഈ കമ്മിറ്റികള്‍ക്കാണ് ഭക്ഷണ മെനു നിര്‍ണയിക്കാനുള്ള ചുമതല. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ആഴ്ചയില്‍ രണ്ട് ദിവസം ചിക്കനും രണ്ട് ദിവസം ബീഫും ഉള്‍പ്പെടുത്തിയിരുന്ന മെനു ഐ.ജി സുരേഷ് രാജ് പുരോഹിത് അക്കാദമിയുടെ ചുമതലയേറ്റ ശേഷം മാറ്റുകയായിരുന്നു. അദ്ദേഹം അക്കാദമിയില്‍ എത്തിയ ശേഷം ഒരിക്കല്‍ പോലും ബീഫ് കാന്റീനില്‍ ഉണ്ടാക്കിയിട്ടില്ല.
എന്നും വിവാദങ്ങളുടെ സഹയാത്രികനായ ഐ.ജി സുരേഷ് രാജ് പുരോഹിത് തൃശൂരിലെ ട്രെയിനിങ് അക്കാദമിയുടെ തലവന്‍ കൂടിയാണ്. നേരെത്ത കേരള ബ്രാഹ്മണ സഭയുടെ സമ്മേളനത്തില്‍ ബ്രാഹ്മണ്യത്തിന്റെ മഹത്വത്തെ കുറിച്ച് ഐ.ജി പ്രസംഗിച്ചത് വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."