പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ : ജില്ലയില്‍ ആദ്യ ഘട്ടം 1,98,282 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി
കൊച്ചി: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ആദ്യ ദിനത്തില്‍ ജില്ലയില്‍ പ്രത്യേകം തയ്യാറാക്കിയ 1806 പള്‍സ് പോളിയോ ബൂത്തുകളിലൂടെയും, 73 മൊബൈല്‍ ബൂത്തുകളിലൂടെയും, ബസ് സ്റ്റാന്റുകളിലും, റെയില്‍വേ സ്റ്റേഷനുകളിലുമായി ഒരുക്കിയ 54 ട്രാന്‍സിറ്റ് ബൂത്തുകള്‍ വഴിയുമായി കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി. ഇതില്‍ 5023 ഇതര സംസ്ഥാന കുട്ടികളാണ്. 5 വയസ്സിനു താഴെയുള്ള 2,22,397 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇന്ന് ബൂത്തുകളിലെത്തി തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് നാളെ വീടുകളിലെത്തി ആരോഗ്യപ്രവര്‍ത്തകര്‍ തുള്ളിമരുന്ന് നല്‍കുന്നതാണ്.
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എറണാകുളം ആശുപത്രിയില്‍ വെച്ച് എം.എല്‍.എ ഹൈബി ഈഡന്‍ നിര്‍വഹിച്ചു. പോളിയോ മൂലമുള്ള വൈകല്യങ്ങള്‍ സമൂഹത്തില്‍ ഇനിയൊരാള്‍ക്കും വരുത്താന്‍ ഇടയാകാതിരിക്കാന്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയില്‍ എല്ലാവരും സഹകരിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
യോഗത്തില്‍ മേയര്‍ സൗമിനി ജെയിന്‍ അദ്ധ്യക്ഷത വഹിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്നും, സംസ്ഥാനങ്ങളില്‍ നിന്നും വളരെയധികം ആളുകള്‍ വന്നു പോകുന്ന എറണാകുളം പോലെയുള്ള സ്ഥലത്ത് പള്‍സ് പോളിയോ പരിപാടി വിജയിപ്പിക്കുവാന്‍ എല്ലാവരും ആത്മാര്‍ഥമായി സഹകരിക്കണം എന്ന് മേയര്‍ ആവശ്യപ്പെട്ടു. എറണാകുളം സബ് കലക്ടര്‍ ഡോ. ആദില അബ്ദുല്ല മുഖ്യാതിഥിയായി പങ്കെടുത്തു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എന്‍.കെ കുട്ടപ്പന്‍, കൊച്ചി നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ. വി. കെ. മിനിമോള്‍, ശ്രീ. കെ. വി. പി. കൃഷ്ണകുമാര്‍, സംസ്ഥാന ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ജി നന്ദിനി, ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ. നാരായണന്‍, ഐ.എ.പി ജില്ലാ പ്രസിഡന്റ് ഡോ.കെ.സി ജോര്‍ജ്, റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ.എ പ്രകാശ് ചന്ദ്രന്‍, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.കെ.ആര്‍ വിദ്യ, സംസ്ഥാന ഒബ്‌സര്‍വര്‍ ശ്രീമതി ചന്ദ്രലത തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."