പി.കെ.പി ഉസ്താദിനെ കാന്തപുരം വിഭാഗം തടഞ്ഞു
മയ്യില്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ പി.കെ.പി അബ്ദുസലാം മുസ്‌ലിയാരെ കാന്തപുരം വിഭാഗവും സി.പി.എം പ്രവര്‍ത്തകരും ചേര്‍ന്ന് മയ്യില്‍ കൊട്ടപ്പൊയിലില്‍ തടഞ്ഞു.
സ്വന്തം താമസസ്ഥലമായ കൊട്ടപ്പൊയില്‍ കുരിക്കന്മാര്‍ കണ്ടി മഖാം പള്ളി സ്വലാത്ത് മജ്‌ലിസ് ഉദ്ഘാടനം ചെയ്യാനെത്തിയ പി.കെ.പി ഉസ്താദിനെ പൊലിസിന്റെ ഒത്താശയോടെയാണ് കാന്തപുരം വിഭാഗം തടഞ്ഞത്. കുരിക്കന്മാര്‍ കണ്ടി മഖാം പള്ളിയില്‍ സ്വലാത്ത് മജ്‌ലിസ് നടത്താന്‍ കമ്മിറ്റി ഭാരവാഹികള്‍ ദിവസങ്ങള്‍ക്ക് മുന്‍പെ തീരുമാനിച്ചിരുന്നു.
എന്നാല്‍ കാന്തപുരം വിഭാഗം ഇതിനെതിരേ വ്യാജ പ്രചാരണം അഴിച്ചുവിടുകയും മയ്യില്‍ പൊലിസില്‍ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു. മനപ്പൂര്‍വം പ്രശ്‌നം സൃഷ്ടിക്കാന്‍ കാന്തപുരം വിഭാഗം ബുധനാഴ്ച കൊട്ടപ്പൊയില്‍ ജുമാ മസ്ജിദില്‍ മറ്റൊരു പരിപാടി നടത്താന്‍ തീരുമാനിക്കുകയും ചെയ്തു.
ഇന്നലെ വൈകുന്നേരം ചര്‍ച്ചയ്‌ക്കെന്ന പേരില്‍ ഇരുവിഭാഗത്തെയും പൊലിസ് സ്റ്റേഷനില്‍ വിളിപ്പിക്കുകയും ഏകപക്ഷീയമായി പരിപാടി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
കൂടാതെ നൂറുകണക്കിന് കാന്തപുരം വിഭാഗക്കാരും സി.പി.എം പ്രവര്‍ത്തകരും പള്ളിക്ക് സമീപം തമ്പടിക്കുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.
പിന്നീട് പൊലിസ് എത്തി സ്വലാത്ത് മജ്‌ലിസില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകളടക്കമുള്ളവരെ മടക്കിയയച്ചു.
ഇതിനിടെ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ പി.കെ.പി ഉസ്താദിനെ കോട്ടപ്പൊയിലുള്ള തന്റെ സ്വന്തം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ പൊലിസും കാന്തപുരം വിഭാഗവും ചേര്‍ന്ന് തടഞ്ഞുവച്ചു. വന്‍ പൊലിസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്തിട്ടുണ്ടായിരുന്നു.
പരിപാടിയില്‍ സംബന്ധിക്കാന്‍ അനുവദിക്കാതെ പി.കെ.പി ഉസ്താദിനെ തിരിച്ചയക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."