ഡോക്ടര്‍മാര്‍ നാളെ സൂചനാ സമരം നടത്തും
കാഞ്ഞങ്ങാട്: ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പിരിച്ചുവിട്ട് നാമ നിര്‍ദ്ദേശം ചെയ്യപ്പെടുന്നവരുടെ മാത്രം ദേശീയ മെഡിക്കല്‍ കമ്മീഷന്‍ രൂപീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയത്തില്‍ പ്രതിഷേധിച്ച് നാളെ ഡോക്ടര്‍മാര്‍ സൂചനാ പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പിരിച്ചു വിട്ടു നോമിനേഷന്‍ രീതിയില്‍ കമ്മീഷന്‍ രൂപീകരിക്കുമ്പോള്‍ ഭരണക്കാര്‍ക്കും,മറ്റും ഇഷ്ടപ്പെട്ടവരെ തിരുകി കയറ്റി ഇന്ത്യയിലെ മെഡിക്കല്‍ സംവിധാനം തകര്‍ക്കാനുള്ള അവസ്ഥയാണ് ഉണ്ടാവുകയെന്നും ഇവര്‍ പറഞ്ഞു.
ഇതിനു പുറമേ മെഡിക്കല്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ നാലര വര്‍ഷത്തെ പഠനത്തിനും,ഒരു വര്‍ഷത്തെ പ്രാക്ടിക്കല്‍ പരിശീലനത്തിനും ശേഷം രോഗിയെ ചികിത്സിക്കാന്‍ ഒരു കേന്ദ്രീകൃത ദേശീയ പരീക്ഷയില്‍ കൂടി വിജയിക്കണമെന്ന് പറയുന്നത് തികഞ്ഞ അനീതിയാണ്. രാജ്യത്തെ മികച്ച മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും,സര്‍വ്വ കലാശാലകളെയും ഇത് വഴി സര്‍ക്കാര്‍ അപമാനിക്കുകയാണ്. നീറ്റ് പരീക്ഷയിലൂടെ എം.ബി.ബി.എസിനു പ്രവേശനം നേടുകയും,മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച കോളജുകളില്‍ പഠനം നടത്തുകയും ബിരുദം വാങ്ങുകയും ചെയ്ത ശേഷം വീണ്ടും നെക്സ്റ്റ് ലൈസന്‍സ് പരീക്ഷ ജയിച്ചേ മതിയാവൂ എന്ന പുതിയ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും,മെഡിക്കല്‍ സമൂഹത്തിന്റെയും നേതൃത്വത്തില്‍ ശക്തമായ സമരങ്ങള്‍ നടത്തുമെന്നും ഇതിന്റെ ഭാഗമായാണ് നാളെ സൂചനാ സമരം നടത്തുന്നതെന്നും ഇവര്‍ പറഞ്ഞു. പത്ര സമ്മേളനത്തില്‍ ഐ.എം.എ പ്രസിഡന്റ് ഡോ.കൃഷ്ണകുമാരി,ഡോ.പി.കൃഷ്ണന്‍,ഡോ.ബാലകൃഷ്ണന്‍ നമ്പിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."