കത്തിയ പള്ളിക്ക് സ്നേഹ മതിലൊരുക്കി മതസൗഹാര്‍ദത്തിന്റെ മാതൃക
ഹൂസ്റ്റണ്‍: അമേരിക്കയില്‍ ട്രംപിന്റെ മുസ്ലിം നിരോധനത്തിനു പിന്നാലെ പള്ളി കത്തിനശിച്ച് രണ്ട് നാള്‍ക്കകം പുനര്‍നിര്‍മാണത്തിനുള്ള മുഴുവന്‍ പണവും നാട്ടുകാര്‍ പിരിച്ചെടുത്തു.
ടെക്സാസിലെ വിക്ടോറിയയിലുള്ള ഇസ്ലാമിക് സെന്റര്‍ ഓഫ് വിക്ടോറിയയാണ് കഴിഞ്ഞ ദിവസം കത്തിനശിച്ചത്. പള്ളി പുനര്‍നിര്‍മാണത്തിനുള്ള എട്ടുലക്ഷം ഡോളറാണ് രണ്ടു ദിവസത്തിനകം പിരിഞ്ഞുകിട്ടിയത്. ആദ്യദിവസം ആറു ലക്ഷം ഡോളര്‍ സമാഹരിച്ചിരുന്നു. പ്രദേശത്തെ ക്രിസ്ത്യന്‍, ജൂത വിഭാഗങ്ങളാണ് പള്ളി പുനര്‍നിര്‍മിക്കാനുള്ള ഫണ്ട് പിരിച്ചതെന്നും സമീപത്തെ ക്രിസ്ത്യന്‍ പള്ളികള്‍ നിസ്കാരത്തിനു തുറന്നു നല്‍കിയെന്നും പള്ളി ഭാരവാഹികള്‍ പറഞ്ഞു. സമൂഹത്തില്‍ തീവ്രവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഇതെന്നും ഇസ്ലാമിക് സെന്റര്‍ അധികൃതര്‍ പറഞ്ഞു.
എട്ടര ലക്ഷത്തോളം ഡോളറാണ് പള്ളി പുനര്‍നിര്‍മിക്കാന്‍ ആവശ്യമായത്. അടുത്ത റമദാനില്‍ പുതുക്കിപ്പണിത പള്ളിയില്‍ പ്രാര്‍ഥന നടത്താനാകുമെന്നാണ് പ്രതീക്ഷ. ഓണ്‍ലൈന്‍ വഴിയാണ് പള്ളിക്ക് വേണ്ടി ഫണ്ട് പിരിച്ചത്. അഗ്നിബാധയെ കുറിച്ച് വിക്ടോറിയ മാര്‍ഷല്‍ ഓഫിസ്, ടെക്സസിലെ അഗ്നിശമന സേനാ വിഭാഗം, ബ്യൂറോ ഓഫ് ആല്‍ക്കഹോള്‍, ടുബാക്കോ, ഫയര്‍ ആംസ് ആന്റ് എക്സ്പ്ലോസിവ്സ് എന്നീ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."