പുഴയോരത്ത് കരിങ്കല്‍ ഭിത്തികെട്ടി റിസോര്‍ട്ട് നിര്‍മാണം
നിലമ്പൂര്‍: പുഴയോരത്ത് കരിങ്കല്‍ ഭിത്തികെട്ടി സ്വകാര്യവ്യക്തിയുടെ റിസോര്‍ട്ട് നിര്‍മാണം. പുള്ളിപ്പാടം വില്ലേജ് പരിധിയിലെ ആറാം ബ്ലോക്കിലാണ് കുറുവന്‍ പുഴയുടെ തീരത്ത് സ്വകാര്യവ്യക്തി തന്റെ സ്ഥലത്തോട് ചേര്‍ന്ന് കരിങ്കല്‍ഭിത്തി നിര്‍മിച്ചിട്ടുള്ളത്. 90 സെന്റോളം വരുന്ന സ്ഥലത്താണ് നിര്‍മാണ പ്രവര്‍ത്തി നടക്കുന്നത്. പുഴയോട് ചേര്‍ന്ന കരിങ്കല്‍ഭിത്തി പുറമ്പോക്ക് ഭൂമിയില്‍ വരുന്നതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലയാണിത്. വെണ്ണേക്കോടുമുതല്‍ പത്താംബ്ലോക്ക് വരെയുള്ള സ്ഥലങ്ങളില്‍ നിരവധി ഉരുള്‍ പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ട്.
കുത്തനെ കിടക്കുന്ന പ്രദേശംകൂടിയാണ് ഇത്. അതിനാല്‍തന്നെ ഇവിടുത്തെ നിര്‍മാണ പ്രവര്‍ത്തികള്‍ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിലാണെന്ന് ഉറപ്പു വരുത്തേണ്ടത് ജിയോളജിക്കല്‍ വകുപ്പും റവന്യു അധികൃതരുമാണ്. പരാതികള്‍ നേരിട്ടറിയിച്ചെങ്കിലും ബന്ധപ്പെട്ട അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പുഴയുടെ അതിര്‍ത്തി വനം റവന്യൂ ഉദ്യോഗസ്ഥര്‍ ഇടപെട്ട് അളന്നു തിരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. പരാതി പറഞ്ഞിട്ടും വനം റവന്യൂ അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്നും ആക്ഷേപമുണ്ട്. അതേസമയം കുറുവന്‍പുഴയോട് ചേര്‍ന്ന് നിലവിലുണ്ടായിരുന്ന കരിങ്കല്‍ ഭിത്തി കോണ്‍ക്രീറ്റ് ചെയ്ത് ഉയരം കൂട്ടുകയാണ് ചെയ്തിട്ടുള്ളതെന്നും തനിക്ക് സ്ഥലം തന്ന വ്യക്തി കാട്ടാന കൃഷി നശിപ്പിക്കാതിരിക്കാന്‍ കെട്ടിയ കരിങ്കല്‍ഭിത്തിയാണ് ഇതെന്നുമാണ് സ്ഥലമുടമ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."