റെയില്‍വേ അടിപ്പാത അപകടം: ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു
പരപ്പനങ്ങാടി: പുത്തന്‍പീടിക അടിപ്പാത നിര്‍മാണത്തിനിടയിലുണ്ടായ അപകട സ്ഥലം ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കു പുറമേ, ആര്‍.പി.എഫ്, ലേബര്‍ ഓഫിസര്‍മാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരാണ് ഇന്നലെ സംഭവ സ്ഥലം സന്ദര്‍ശിച്ചത്.
അതേസമയം, അപകടത്തില്‍ മണ്ണിനടിയില്‍പെട്ട് മരണപ്പെട്ട സുബ്രഹ്മണ്യന്റെ (21) കൈ അറ്റുപോയ നിലയിലായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്കെത്തിക്കുന്ന തിരക്കില്‍ ആരും ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍, ആശുപത്രിയില്‍ എത്തിയശേഷം മോര്‍ച്ചറിയിലേക്കെടുക്കാനൊരുങ്ങിയപ്പോഴാണ് ഇതു ശ്രദ്ധയില്‍പെട്ടത്. ഉടന്‍ പരപ്പനങ്ങാടി പൊലിസിനെ വിവരമറിയിക്കുകയും തെരച്ചില്‍ നടത്തുകയുമായിരുന്നു. അല്‍പസമയത്തെ തെരച്ചിലിനൊടുവില്‍ അറ്റുപോയ കൈ മണ്ണിനടിയില്‍നിന്നു കണ്ടെടുത്തു. ജെ.സി.ബി ഉപയോഗിച്ചുള്ള തെരച്ചിലിനിടെ കൈ അറ്റുപോയതാകാമെന്നാണ് പൊലിസ് പറയുന്നത്. കടലുണ്ടി സ്വദേശി ചാലക്കര സുകുമാരന്‍ (61) ആണ് അപകടത്തില്‍ മരിച്ച മറ്റൊരു തൊഴിലാളി.
ആലുവ സ്വാദേശി വി. സന്തോഷ്ബാബുവാണ് റെയില്‍വേ കോണ്‍ട്രാക്ടര്‍. റെയില്‍വേ ഡിവിഷണല്‍ എന്‍ജിനിയര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പ്രവൃത്തിനടന്നുകൊണ്ടിരുന്നത്. അപകടം നടന്ന തിങ്കളാഴ്ച രാത്രിയില്‍ പി.കെ അബ്ദുറബ്ബ് എം.എല്‍.എ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവരും അപകട സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."