ഇ.അഹമ്മദിന്റെ വിയോഗം; പ്രസ്ഥാനത്തിനും പ്രവാസികള്‍ക്കും കനത്ത നഷ്ടം: സമസ്ത ബഹ്‌റൈന്‍
മനാമ: ഇ.അഹമ്മദിന്റെ വിയോഗം പ്രസ്ഥാനത്തിനു മാത്രമല്ല, പ്രവാസി സമൂഹത്തിനും കനത്ത നഷ്ടമാണെന്ന് സമസ്ത ബഹ്‌റൈന്‍ നേതാക്കള്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
ഉറച്ച സമസ്തക്കാരനായി തന്നെ, എല്ലാവരോടും നീതി പുലര്‍ത്താന്‍ സാധിച്ച ഉന്നത വ്യക്തിത്വം, രാഷ്ട്രീയ നേതാവ്, ജനനായകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം അദ്ധേഹം ശ്രദ്ധേയനായിരുന്നു.
മുസ്ലിം സമുദായത്തെ ഒന്നിച്ച് നിര്‍ത്താനും ന്യൂനപക്ഷ സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി ജീവിതാന്ത്യം വരെ പ്രയത്‌നിക്കുകയും ചെയ്ത അഹമ്മദ് സാഹിബിന്റെ വിയോഗം പൊതുവായും സുന്നീ പ്രസ്ഥാനത്തിന് പ്രത്യേകമായും ഉണ്ടായിട്ടുള്ള നഷ്ടം നികത്താനാവാത്തതാണ്.
ഗള്‍ഫ് രാജ്യങ്ങളിലെ ഭരണനേതൃത്വവുമായും ഉദ്യോഗസ്ഥരുമായും പ്രവാസികളുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും സജീവമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.
പ്രവാസികളുടെ ഉന്നമനത്തിനായും പ്രശ്‌നപരിഹരങ്ങള്‍ക്കായും പല നിര്‍ദ്ദേശങ്ങളും അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടുണ്ട് എന്നതിനാല്‍ പ്രവാസി സമൂഹത്തിന് വലിയൊരു നഷ്ടമാണ് ഇ.അഹമ്മദിന്റെ നിര്യാണത്തോടെ ഉണ്ടായിരിക്കുന്നത്.
രാജ്യത്തെ ജനങ്ങളോട് മൃദുസമീപനത്തോടെ പെരുമാറുമ്പോഴും ആദര്‍ശത്തിലും അനുഷ്ടാനങ്ങളിലും കൃത്യതയും സൂക്ഷ്മതയും പുലര്‍ത്തിയിരുന്നു അദ്ദേഹം എന്ന് അനുശോചന സന്ദേശത്തില്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദീന്‍ കോയ തങ്ങള്‍ ,ജന.സെക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ്, ട്രഷറര്‍ വി.കെ കുഞ്ഞിമുഹമ്മദ് ഹാജി എറവക്കാട്, ഓര്‍ഗ:സെക്രട്ടറി മുസ്തഫ കളത്തില്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."