ആത്മസൗഹൃദത്തിന്റെ ആഴം പറഞ്ഞ് പി.കോയക്കുട്ടി
കൊണ്ടോട്ടി: അന്നൊരു ഫെബ്രുവരി ഒന്നിനാണ് പുളിക്കല്‍ സിയാംകണ്ടം പി.കോയക്കുട്ടി ഇ.അഹമ്മദിനെ കാത്തുനിന്നത് പേഴ്‌സണല്‍ സ്റ്റാഫ് അംഗമാകുന്നതിനായിരുന്നു അത്.ഒന്‍പത് വര്‍ഷം പൂര്‍ത്തിയായ മറ്റൊരു ഫെബ്രുവരി ഒന്നിന് കോയക്കുട്ടി ഇ.അഹമ്മദിനെ കാത്തുനിന്നത് അദ്ദേഹത്തിന്റെ ചേതനയറ്റ ഭൗതിക ശരീരം അവസാനമായി ഒരു നോക്ക് കാണാനായിരുന്നു.മുന്‍ കേന്ദ്ര മന്ത്രി ഇ.അഹമ്മദുമായുളള ആത്മ സൗഹൃദ സ്‌നേഹ ബന്ധത്തിന്റെ ആഴം പറഞ്ഞ് 9 വര്‍ഷമായി ഇ.അഹമ്മദിന്റെ അഡീഷണല്‍ പേഴ്‌സണല്‍ സെക്രട്ടറിയായ കോയക്കുട്ടി വിതുമ്പി.
കോഴിക്കോട് എ.ഡി.എം തസ്തികയില്‍ നിന്ന് വിരമിച്ചതിന് ശേഷം 2008 ഫെബ്രുവരി ഒന്നിനാണ് ഇ.അഹമ്മദിന്റെ പി.എ.ആയി ജോലിയില്‍ പ്രവേശിക്കുന്നത്.പിന്നീട് രണ്ടാം യു.പി.എ സര്‍ക്കാറില്‍ റെയില്‍വേ, വിദേശകാര്യം, മാനവവിഭവ ശേഷി സഹമന്ത്രിയായിരിക്കുന്ന സമയത്ത് അഡീഷനല്‍ പി.എസ് ആയിരുന്നു.
സര്‍വിസില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പ് തന്നെ കൂടെ ജോലി ചെയ്യാന്‍ താല്‍പ്പര്യമുണ്ടോയെന്ന അദ്ദേഹം ചോദിച്ചിരുന്നതായി കോയക്കുട്ടി പറഞ്ഞു.2006ല്‍ ഹജ്ജിന്റെ ബില്‍ഡിങ് സെലക്ഷന്‍ കമ്മിറ്റിയായി മക്കയിലത്തെിയപ്പോഴും അദ്ദേഹവുമായി കൂടുതല്‍ അടുക്കാനായി.പിന്നീട് സര്‍വിസില്‍ നിന്ന് വിരമിച്ചതിന് ശേഷമാണ് ഇ. അഹമ്മദിന്റെ പി.എയായി പ്രവര്‍ത്തനം ആരംഭിക്കുന്നത്.മുഴുവന്‍ സമയവും കേന്ദ്രമന്ത്രിയുടെ പി.എയായി ഡല്‍ഹിയിലും കേരളത്തിലും ചെലവഴിക്കാനായി
ഇ.അഹമ്മദ് എന്ന് പൊതുപ്രവര്‍ത്തകന്‍ എന്നും കക്ഷിരാഷ്ട്രീയം മറന്ന് പ്രവര്‍ത്തിക്കുന്ന നേതാവായിരുന്നു.പ്രായം മറന്നായിരുന്നു അദ്ദേഹത്തിന്റെ സേവനങ്ങള്‍.ഓരോ കാര്യങ്ങളും ഏറ്റവും വേഗത്തില്‍ ചെയ്യുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.അതില്‍ എക്കാലവും കര്‍ക്കശ നിലപാടിലായിരുന്നു അദ്ദേഹത്തിന്.റെയില്‍വേ സഹമന്ത്രിയായിരിക്കുന്ന സമയത്ത് മംഗലാപുരം മുതല്‍ കന്യാകുമാരി വരെ കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് നടത്തിയ ട്രെയിന്‍ യാത്ര ഇന്നും മറക്കില്ല.ഓരോ സ്‌റ്റേഷനിലും ഇറങ്ങി ആളുകളുടെ പ്രശ്‌നം നേരിട്ട് കേള്‍ക്കുന്ന അദ്ദേഹം സ്വന്തം ആരോഗ്യം പോലും ഗൗനിച്ചിരുന്നില്ല.അതു കൊണ്ട് തന്നെ 19 മാസം റെയില്‍വേ മന്ത്രിയായിട്ടുളളൂവെങ്കിലും 19 തീവണ്ടികള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്.കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ ഇന്നത്തെ മുഖം വന്നതും അതിന്റെ ഭാഗമാണ്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച കരിപ്പൂരില്‍ നിന്ന് രാവിലെ 11നുളള ജെറ്റ് എയര്‍വേസില്‍ പോകുമ്പോഴാണ് അവസാനമായി കണ്ടത്.അത് അവസാന യാത്രയാവുമെന്ന് കരുതിയില്ല.ഒന്‍പതു വര്‍ഷത്തോളമാണ് കൂടെയുണ്ടായിരുന്നതെങ്കിലും അഹമ്മദ് സാഹിബ് ജീവിതത്തില്‍ ഉടനീളമുണ്ടാവുമെന്ന ഓര്‍മയിലാണ് കോയക്കുട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."