അപകടങ്ങള്‍ പതിയിരിക്കുന്ന അഷ്ടമിച്ചിറ റോഡ് ഗതാഗത പരിഷ്‌കാരങ്ങള്‍ക്ക് കാതോര്‍ക്കുന്നു
മാള: അപകടങ്ങള്‍ പതിയിരിക്കുന്ന അഷ്ടമിച്ചിറ റോഡ് ഗതാഗത പരിഷ്‌കാരങ്ങള്‍ക്ക് കാതോര്‍ക്കുന്നു. വാഹനങ്ങള്‍ കൂട്ടിയിടിച്ചുള്ള മരണവും ഗുരുതരമായ പരുക്കേല്‍ക്കലും അഷ്ടമിച്ചിറക്കും വടമക്കുമിടയില്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ഗതാഗത പരിഷ്‌ക്കാരങ്ങളും അപകട സാധ്യത ഇല്ലാതാക്കുന്നതിനുള്ള നടപടികളും ഇവിടെ അനിവാര്യമായിരിക്കുകയാണ്.അഞ്ചിടങ്ങളിലാണ് കൂടുതല്‍ അപകട സാധ്യതയുള്ളത്. അഷ്ടമിച്ചിറ ശിവക്ഷേത്രത്തിന് മുന്നിലെ വളവിലും ചാലക്കുടി റോഡില്‍ നിന്ന് കൊടകര റോഡിലേക്ക് തിരിയുന്ന ജങ്ഷനിലും ഉരുണ്ടോളിയിലെ പെട്രേള്‍ പമ്പിന് മുന്നിലും മാരേക്കാട് റോഡില്‍ നിന്ന് ഉരുണ്ടോളിയിലേക്ക് പ്രവേശിക്കുന്നിടത്തും അഷ്ടമിച്ചിറ ബാറിനോട് ചേര്‍ന്നുള്ള വൈന്തല വണ്‍വേ റോഡിലേക്ക് കടക്കുന്നിടത്തും നിരവധി വാഹന അപകടങ്ങളും എതാനും അപകട മരണങ്ങളും ഉണ്ടായിട്ടുണ്ട്. വാഹനങ്ങളുടെ അമിത വേഗതയാണ് അപകടങ്ങള്‍ക്കുള്ള പ്രധാന കാരണം. വേഗത നിയന്ത്രിക്കുന്നതിനായി ഹമ്പുകളൊന്നും വടമക്കും അഷ്ടമിച്ചിറക്കും ഇടയില്‍ ഇല്ലാത്തതും അപകട സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്. അഷ്ടമിച്ചിറ ഉരുണ്ടോളിയിലെ പെട്രോള്‍ പമ്പിന് മുന്നില്‍ ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഒരു മധ്യവയസ്‌ക എതാനും വര്‍ഷം മുന്‍പ് ബസിടിച്ച് മരിച്ചതിന്റെ കാരണം അമിത വേഗതയാണെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ഥി മരിക്കാനും മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായ പരുക്കേല്‍ക്കാനും കാരണം അമിത വേഗത തന്നെയാണ്. അപകട മരണം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പെട്രോള്‍ പമ്പിന് മുന്നില്‍ വേഗത കുറക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന്‌യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. തിരക്കേറിയ അഷ്ടമിച്ചിറ ജംങ്ഷനില്‍ പോലും റോഡ് മുറിച്ച് കടക്കാന്‍ കാല്‍നട യാത്രക്കാര്‍ക്ക് സീബ്രാലൈനുകളില്ലാത്തതും വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. ഉരുണ്ടോളി ബാര്‍ ജങ്ഷന്‍, ഉരുണ്ടോളി ജങ്ഷന്‍, അഷ്ടമിച്ചിറ ജങ്ഷന്‍ തുടങ്ങിയ മൂന്നും കൂടിയ റോഡുകളില്‍ എതിരെ വരുന്ന വാഹനങ്ങള്‍ കാണാനായി മിറര്‍ പിടിപ്പിക്കാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നതാണ്. ഇടുങ്ങിയ ഉരുണ്ടോളി ജങ്ഷനില്‍ റോഡിലേക്ക് തള്ളി നില്‍ക്കുന്ന കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് റോഡിന് വീതികൂട്ടേണ്ടതും അത്യാവശ്യമാണ്. അഷ്ടമിച്ചിറ ശിവക്ഷേത്രത്തിനരികിലുള്ള തോടിന് മുകളിലുള്ള കലുങ്കിന് നീളം കുറവ് കാരണം വാഹനങ്ങള്‍ നിയന്ത്രണം വിട്ടാല്‍ തോട്ടിലേക്ക് വീഴാനുള്ള സാധ്യത എറെയാണ്. എന്നിട്ടും കലുങ്കിന്റെ നീളം വര്‍ധിപ്പിച്ച് സംരക്ഷണ സംവിധാനങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. അഷ്ടമിച്ചിറയിലെ തിരക്ക് കുറക്കുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടപ്പിലാക്കിയ വണ്‍വേ സമ്പ്രദായം പാലിക്കപ്പെടാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്.
ലൈസന്‍സില്ലാതെ വിദ്യാര്‍ഥികള്‍ ഇരുചക്രവാഹനങ്ങളില്‍ അമിത വേഗതയില്‍ നടത്തുന്ന സാഹസിക യാത്രകളും അപകടങ്ങള്‍ വഴിവെക്കുന്നതായിട്ടും ട്രാഫിക് പൊലിസിന്റെ ഭാഗത്ത് നിന്ന് കര്‍ശന നടപടികളില്ലാത്തതും വിമര്‍ശന വിധേയമായിട്ടുണ്ട്. അഷ്ടമിച്ചിറ ജങ്ഷനില്‍ മൂന്നും കൂടിയ റോഡിന് നടുവില്‍ ഉണ്ടായിരുന്ന ട്രാഫിക് പോസ്റ്റ് പൊളിച്ച് നീക്കി തല്‍സ്ഥാനത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനായി തറ നിര്‍മിച്ചത് കാരണം ചാലക്കുടി, മാള ഭാഗങ്ങളില്‍ നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ ശ്രമകരമായി വളക്കേണ്ടി വരുന്നതായും പരാതിയുണ്ട്. പൊതുമരാമത്ത് റോഡില്‍ ഇനിയും മനുഷ്യ ജീവന്‍ പൊലിയാതിരിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."