പൊലിസ് കാംപസില്‍ കയറി; വിദ്യാര്‍ഥികള്‍ റോഡ് ഉപരോധിച്ചു
മണ്ണാര്‍ക്കാട്: വിദ്യാര്‍ഥികള്‍ തമ്മിലുളള സംഘട്ടനത്തെ തുടര്‍ന്ന് പൊലിസ് കോളജ് കാംപസില്‍ കയറി വിദ്യാര്‍ഥികളെ തല്ലിയത് പ്രതിഷേധത്തിനിടയാക്കി. യൂനിയന്‍ ചെയര്‍മാനുള്‍പ്പെടെയുളളവരെ കസ്റ്റഡിയിലെടുത്ത പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ദേശീയ പാത ഉപരോധിച്ചു. ഉപരോധത്തെ തുടര്‍ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച രാവിലെ 10.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം.
തിരുവനന്തപുരം ലോ അക്കാദമി വിഷയവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ ഒഴികെയുളള മറ്റു വിദ്യാര്‍ഥി സംഘടനകള്‍ കോളജില്‍ പഠിപ്പുമുടക്ക് നടത്തിയിരുന്നു. കോളജ് വിട്ടതോടെ കാംപസിനു പുറത്ത് വച്ച് സീനിയര്‍ - ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘട്ടനമുണ്ടായി. കഴിഞ്ഞ ദിവസമുണ്ടായിരുന്ന സംഘട്ടനത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത്. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ മണ്ണാര്‍ക്കാട് എസ്.ഐ ഷിജു.കെ എബ്രഹാമിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം വിദ്യാര്‍ഥികളെ ലാത്തി വീശി വിരട്ടിയോടിച്ചു. ഇതില്‍ ചിലവിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു.
കാംപസിനകത്തേക്ക് ഓടിക്കയറിയ വിദ്യാര്‍ഥികളെ പിന്തുടര്‍ന്ന് പൊലിസും കാംപസിനകത്തെത്തി. ഇതിനെ തുടര്‍ന്ന് യൂനിയന്‍ ചെയര്‍മാന്‍ ഹംസ.കെയുടെ നേതൃത്വത്തില്‍ യൂനിയന്‍ ഭാരവാഹികള്‍ പൊലിസ് അനുവാദമില്ലാതെ കാംപസില്‍ കയറിയതിനെ ചോദ്യം ചെയ്ത് രംഗത്തെത്തി. ഇത് വാക്കുതര്‍ക്കത്തിനിടയാക്കുകയും തുടര്‍ന്ന് ഹംസയുള്‍പ്പെടെയുളള ഒന്‍പത് പേരെ പൊലിസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ സംയുക്തമായി കോളജില്‍ നിന്നും പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും മാര്‍ച്ച് പൊലിസ് തടഞ്ഞതിനെ തുടര്‍ന്ന് പൊലിസ് സ്റ്റേഷനു മുന്നില്‍ ദേശീയപാതയില്‍ കുത്തിയിരിപ്പ് നടത്തുകയും ചെയ്തു.
കസ്റ്റഡിയിലെടുത്തവരെ വിടുക, വിദ്യാര്‍ഥികളെ തല്ലിയ പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കുക. വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുക്കാനുളള പൊലിസ് നീക്കം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ഥികള്‍ റോഡ് ഉപരോധിച്ചത്. പ്രശ്‌നം രൂക്ഷമായതോടെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ജില്ലാ മുസ്‌ലിംലീഗ് സെക്രട്ടറി അഡ്വ. ടി.എ സിദ്ദീഖ്, മണ്ഡലം ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് ബഷീര്‍, സി.പി.എം ഏരിയ സെക്രട്ടറി എം. ഉണ്ണീന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി ഷൗക്കത്തലി, കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി സ്ഥലത്തെത്തി മണ്ണാര്‍ക്കാട് എസ്.ഐ ഷിജു.കെ എബ്രഹാമുമായി ചര്‍ച്ച നടത്തി.
തുടര്‍ന്ന് കസ്റ്റഡിയലെടുത്ത വിദ്യാര്‍ഥികളെ കേസെടുക്കാതെ വിടുകയും, വിദ്യാര്‍ഥികളെ തല്ലിയ പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കാന്‍ സി.ഐക്ക് റിപ്പോര്‍ട്ടു നല്‍കുമെന്ന ഉറപ്പിന്‍മേലാണ് സമരം അവസാനിച്ചത്. വിദ്യാര്‍ഥികള്‍ തമ്മിലുളള സംഘട്ടനങ്ങള്‍ മേലില്‍ ആവര്‍ത്തിക്കരുതെന്ന് പൊലിസ് താക്കീത് നല്‍കി.
പ്രതിഷേധ സമരങ്ങള്‍ക്ക് വിവിധ വിദ്യാര്‍ഥി സംഘടനാ നേതാക്കളായ റിയാസ് നാലകത്ത്, ശമീര്‍ പഴേരി, അരുണ്‍ പാലകുര്‍ശ്ശി, വി.വി മുഹമ്മദ്, അജ്മല്‍ നിയാസ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."