പ്രതിഷേധത്തെ തുടര്‍ന്നു ടോള്‍ പിരിവ് നീട്ടിവച്ചു
മംഗളൂരു: കുന്ദാപുരം മുതല്‍ തലപ്പാടി വരെ നാലുവരി പാതയാക്കി മാറ്റിയ ദേശീയപാതയില്‍ ഇന്നലെ ആരംഭിക്കാനിരുന്ന ടോള്‍ പിരിവ് പ്രതിഷേധത്തെ തുടര്‍ന്ന് നീട്ടിവച്ചു. ഉഡുപ്പി ജില്ലയില്‍ ഗുണ്ട്മി ടോള്‍ പ്ലാസയിലാണ് ഹെഡാരി ജാഗ്രതാ സമിതിയുടേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. നിര്‍മാണം പൂര്‍ത്തീകരിക്കാതെ ടോള്‍ പിരിക്കുന്നതു ന്യായീകരിക്കാനാവില്ലെന്നു പ്രതിഷേധക്കാര്‍ പറഞ്ഞു.
മുന്‍ എം.പി ജയപ്രകാശ് ഹെഗ്ഡെയുടെ നേതൃത്വത്തിലാണു പ്രതിഷേധം നടത്തിയത്. ഉഡുപ്പി ജില്ലാ ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടേയും സാന്നിധ്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന ഉറപ്പിനെ തുടര്‍ന്നാണു പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. വിഷയത്തില്‍ വ്യക്തത വരുന്നതു വരെ ടോള്‍ പിരിവു ഏറ്റെടുക്കരുതെന്നു ജില്ലാ ഭരണകൂടം പൊലിസിനും പാതയുടെ നിര്‍മാണം നടത്തിയ നവയുഗ കമ്പനിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനു മുന്‍പും ഇവിടെ ടോള്‍ പിരിക്കാനുള്ള നീക്കം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നു മാറ്റിവച്ചിരുന്നു.
മേല്‍പ്പാലങ്ങളുടെയും അനുബന്ധ റോഡുകളുടെയും പൂര്‍ത്തീകരണം, ഓവുചാല്‍, പ്രദേശവാസികള്‍ക്കു വാഗ്ദാനം ചെയ്ത ജോലി തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തത വരുത്താതെ ടോള്‍ പിരിക്കുന്നത് അനുവദിക്കാനിവില്ലെന്നാണു പ്രതിഷേധക്കാര്‍ പറയുന്നത്. ഇതോടെ ജില്ലയിലെ തലപ്പാടി ടോള്‍ പ്ലാസയിലും ടോള്‍ പിരിക്കുന്നതു നീട്ടിവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."