പ്രവാസികള്‍ക്കു താങ്ങും തണലുമായ നേതാവ്
കാസര്‍കോട്: പ്രവാസികളുടെ വേദനയും കഷ്ടപ്പാടും മനസ്സിലാക്കിയ നേതാവായിരുന്നു മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും എം.പിയുമായ ഇ അഹമ്മദ്. ദീര്‍ഘ കാലം കേന്ദ്രമന്ത്രിയുമായിരുന്ന ഇദ്ദേഹം ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകരോടും നേതാക്കന്‍മാരോടും ആത്മ ബന്ധം പുലര്‍ത്തിയിരുന്ന നേതാവാണ്.
ഇദ്ദേഹത്തിന്റെ വിയോഗം പാര്‍ട്ടിക്കും സമുദായത്തിനും തീരാനഷ്ടം തന്നെയാണെന്ന് സഹപ്രവര്‍ത്തകനും അടുത്ത സുഹൃത്ത് കൂടിയായ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അനുസ്മരിച്ചു.
1974 മുതല്‍ 85 വരെ 11 വര്‍ഷക്കാലം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ അദ്ദേഹത്തിനൊപ്പം സെക്രട്ടറിയായി പ്രവര്‍ത്തിച്ച ചെര്‍ക്കളത്തിനു ഒരേ സമയം കൂട്ടുകാരനും ഗുരു തുല്യനുമായിരുന്നു ഇ അഹമ്മദ്.
വിദ്യാര്‍ഥി പ്രസ്ഥാനമായ എം.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി അന്തര്‍ദേശീയ തലത്തില്‍ വരെ സമുദായത്തിന്റെ ശബ്ദം എത്തിച്ച നേതാവായിരുന്നു അദ്ദേഹം.
കണ്ണൂര്‍ ജില്ലയില്‍ നിന്നു ഐക്യരാഷ്ട്ര സഭവരെയുള്ള ദൂരത്തില്‍ രാഷ്ട്രീയ എതിരാളികളില്‍ നിന്നു പോലും ബഹുമാനം പിടിച്ചു പറ്റാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.
ലോക മുസ്‌ലിം രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിലും ഫലസ്തീന്‍ അടക്കമുള്ള അധഃസ്ഥിത വിഭാഗങ്ങളുടെ മോചനത്തിനു വേണ്ടിയും പ്രവര്‍ത്തിച്ചയാള്‍ കൂടിയാണ് ഇ അഹമ്മദ് എന്നും ചെര്‍ക്കളം ഓര്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."