ഓര്‍മയിലെ അഹമ്മദ് സാഹിബ്
മാനന്തവാടി: തരുവണ സ്വദേശി പുതുക്കുടി മുഹമ്മദിന് പൊതുമരാമത്ത് വകുപ്പിലെ സര്‍വിസില്‍ നിന്നുള്ള വിരമിക്കലും സര്‍വിസിലേക്കുള്ള നിയോഗമായ മുന്‍മന്ത്രി ഇ അഹമ്മദിന്റെ വിയോഗവും ഒരേ ദിവസമായത് യാദൃശ്ചികമാകാമെങ്കിലും മന്ത്രിയോടൊപ്പമുള്ള ജോലിക്കാലം മറക്കാന്‍ കഴിയില്ല.
1982ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ വ്യവസായവകുപ്പ് മന്ത്രിയായി ലീഗ് നേതാവ് ഇ അഹമ്മദ് സ്ഥാനമേറ്റപ്പോള്‍ മന്ത്രിയുടെ പെഴ്‌സണല്‍ സ്റ്റാഫിലേക്ക് ഡ്രൈവറായി ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് മുഹമ്മദായിരുന്നു.
ജില്ലയില്‍ നിന്നും ആദ്യമായി സംസ്ഥാനമന്ത്രിയുടെ കാര്‍ ഓടിക്കാനുള്ള നിയോഗമാണ് മുഹമ്മദിന് ലഭിച്ചത്. ഒന്നര വര്‍ഷത്തോളം മന്ത്രിക്ക് ഇഷ്ടപ്പെട്ട ഡ്രൈവറായി സേവനമനുഷ്ടിച്ചതിലൂടെ ഒട്ടേറെക്കാലം സ്‌നേഹസൗഹൃദം നിലനിര്‍ത്തുകയും ചെയ്തു.
1985ല്‍ മുഹമ്മദിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ജില്ലയിലെത്തിയ മന്ത്രി പുതുമാരനോടൊപ്പം തരുവണ ടൗണിലൂടെ നടന്നുകൊണ്ട് മണവാട്ടി വീട്ടിലേക്ക് പോയ അനുഭവം ജില്ലക്ക് പുതുമയായിരുന്നു. ഇതിന്റെ ഫോട്ടോകള്‍ ഇപ്പോഴും നിധിപോലെ മുഹമ്മദ് സൂക്ഷിക്കുന്നുണ്ട്.
മുഹമ്മദ് പിന്നീട് കണ്ണൂര്‍ കപ്പല്‍പൊളിശാലയില്‍ ജോലിക്ക് കയറിയപ്പോഴും പി.എസ്.സി വഴി കണ്ണൂരില്‍ മൃഗശാല വകുപ്പില്‍ ജോലിചെയ്യുമ്പോഴുമെല്ലാം ഇ അഹമ്മദുമായുള്ള അടുപ്പവും ബന്ധവും കാത്തുസൂക്ഷിക്കുകയും ചെയ്തു.
ഏറ്റവുമൊടുവില്‍ പൊതുമരാമത്ത് വകുപ്പില്‍ ദീര്‍ഘകാലം സേവനമനുഷ്ടിച്ച ശേഷമാണ് മുഹമ്മദ് 30 വര്‍ഷത്തെ സര്‍വിസ് കാലം അവസാനിപ്പിച്ചുകൊണ്ട് ജനുവരി 31ന് റിട്ടയര്‍ ആയി. അതേദിവസം തന്നെയാണ് ഇ അഹമ്മദിന്റെ മരണമെന്നതും യാദൃശ്ചികമായി.
സ്‌റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ ജില്ലാപ്രസിഡന്റ്, കേരള ഗവ. ഡ്രൈവേഴ്‌സ് അസോസിയോഷന്‍ ജില്ലാ പ്രസിഡന്റ്, എം.എസ്.എസ് ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ മുഹമ്മദ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."