യന്ത്രത്തകരാര്‍: കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ കരയ്‌ക്കെത്തിച്ചു
നീലേശ്വരം: യന്ത്രത്തകരാറിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ കരയ്‌ക്കെത്തിച്ചു. കാസര്‍കോട് ഫിഷറിസ് ഡിപാര്‍ട്ട്‌മെന്റിന്റെ റെസ്‌ക്യൂ വിഭാഗമാണ് ഇവര്‍ക്കു തുണയായത്. ആലപ്പുഴ സ്വദേശികളായ ജോയി (46), ജോബു (44), ഡെന്നിസ് (50), സതീഷ് (38), ആന്റണി (39), ജോസഫ് (37), ആന്റണി (41), അബ്രഹാം (43), രാമചന്ദ്രന്‍ (49), ജോണ്‍കുട്ടി(43), റോയ് (43), ജയന്‍ (50) എന്നിവരാണ് തകരാറിലായ മണികണ്ഠന്‍ എന്ന ബോട്ടിലുണ്ടായിരുന്നത്. നാലുദിവസം മുന്‍പ് എറണാകുളം മുനമ്പത്തുനിന്നാണ് ഇവര്‍ മത്സ്യബന്ധനത്തിനു തിരിച്ചത്.
എന്നാല്‍, യന്ത്രത്തകരാറിനെ തുടര്‍ന്ന് നീലേശ്വരം അഴിത്തലയില്‍നിന്ന് 45 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ ബോട്ട് നങ്കൂരമിടുകയായിരുന്നു. മൊബൈല്‍ ഫോണിന് റെയ്ഞ്ച് ഇല്ലാത്തതിനാല്‍ കരയിലുള്ളവരുമായി ഇവര്‍ക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. പിന്നീട് അതുവഴിവന്ന മറ്റൊരു ബോട്ട് തകരാറിലായ ബോട്ടിനെ മൊബൈല്‍ കവറേജ് ഉള്ള സ്ഥലത്തെത്തിക്കുകയും ബോട്ടുടമയെ വിവരമറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന് ബോട്ടുടമയാണ് ഫിഷറീസ് ഡിപാര്‍ട്ട്‌മെന്റിനെ വിവരമറിയിച്ചത്. കാസര്‍കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയരക്ടര്‍ പി.വി സതീശന്റെ നിര്‍ദേശപ്രകാരം ഇന്നലെ രാവിലെ ഒന്‍പതോടെ റസ്‌ക്യൂ ഗാര്‍ഡുമാരായ പി.മനു, ഒ.ധനീഷ്, കെ കണ്ണന്‍, ഡ്രൈവര്‍ പി.വി നാരായണന്‍ എന്നിവര്‍ കടലിലേക്കു തിരിച്ചു. വൈകിട്ട് അഞ്ചോടെ പന്ത്രണ്ട് മത്സ്യത്തൊഴിലാളികളെയും അഴിത്തല റെസ്‌ക്യൂ ബോട്ട് ജെട്ടിയില്‍ എത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."