ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ വെട്ടിപ്പരുക്കേല്‍പ്പിച്ച യുവാവ് മരിച്ചു
മംഗളൂരു: ബജ്റംഗ് ദള്‍ പ്രവര്‍ത്തകരുടെ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊട്ടാര്‍ ചൗക്കിയിലെ ബഷീര്‍ (47) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രിയാണ് കൊട്ടേക്കാര്‍ ചൗക്കിയില്‍ വച്ചു ഒരു സംഘം ആളുകള്‍ ബഷീറിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. കടയടച്ചു വീട്ടിലേക്ക് പോവുകയായിരുന്ന ബഷീറിനെ ക്രൂരമായി അക്രമിക്കുകയായിരുന്നു.
ബുധനാഴ്ച വൈകുന്നേരത്തോടെ ദീപക് എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു. അന്നു രാത്രീയാണ് ബഷീറിനും മറ്റൊരാള്‍ക്കും കുത്തേറ്റത്. എന്നാല്‍ ബഷീറും കുത്തേറ്റ യുവാവും നിരപരാധികളാണെന്ന് ഇവരുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നു.
സംഭവത്തില്‍ കഴിഞ്ഞ ദിവസം പൊലിസ് നാലുപേരെ അറസ്റ്റു ചെയ്തിരുന്നു.
വധശ്രമത്തിനാണ് പ്രതികള്‍ക്കെതിരെ മുമ്പ് കേസെടുത്തിരുന്നത്. എന്നാല്‍ ബഷീര്‍ മരിച്ചതോടെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലിസ് പറഞ്ഞു.
ഉപ്പള ചെറുഗോളി സ്വദേശി ശ്രീജിത്ത് പി.കെ എന്ന ശ്രീജു (25), മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശി സന്ദേശ് കൊട്ടിയാന് (22), മംഗളൂരു പാടി സ്വദേശികളും സഹോദരങ്ങളുമായ കിഷന് പൂജാരി (22), ധനുഷ് പൂജാരി (21) എന്നിവരെയാണ് ബഷീറിന് വെട്ടേറ്റ സംഭവത്തില്‍ പൊലിസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ശ്രീജിത്ത് കാസര്‍കോട് ജില്ലയിലെ ആറോളം കേസുകളില്‍ പ്രതിയാണ്. കിഷന് മംഗളൂരുവില്‍ മൂന്നുകേസുകളില്‍ പ്രതിയാണ്. സന്ദേശിനെതിരെ ബദിയടുക്ക പൊലിസ് സ്റ്റേഷനില്‍ ഒരു കേസുമുണ്ട്.
ഗരോഡി ഘോഷയാത്രക്ക് മംഗളൂരുവില്‍ എത്തിയപ്പോഴാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകനായ ദീപക് കൊല്ലപ്പെട്ട വിവരം സംഘം അറിഞ്ഞത്. ഇതിന് പ്രതികാരം ചെയ്യുന്നതിന് വേണ്ടി കാട്ടിപ്പള്ളയിലേക്ക് പോവുകയായിരുന്നു പ്രതികള്‍. ഇതിനിടയിലാണ് കൊട്ടാര ചൗക്കിയില്‍ വച്ച് തന്റെ ഫാസ്റ്റ് ഫുഡ് കട അടച്ചു പോകുന്ന ബഷീറിനെ പ്രതികള്‍ കണ്ടത്. തുടര്‍ന്ന് നാലു പേരും ചേര്‍ന്ന് ബഷീറിനെ അകാരണമായി വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."