രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ മുന്നൊരുക്കങ്ങള്‍ക്ക് ചിലവഴിച്ച തുക ഇനിയും ലഭിച്ചില്ലെന്ന് പരാതി
കൊടുങ്ങല്ലൂര്‍: രാഷ്ട്രപതിയുടെ കൊടുങ്ങല്ലൂര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി താലൂക്ക് ഗവ. ആശുപത്രിയില്‍ നടത്തിയ മുന്നൊരുക്കങ്ങള്‍ക്ക് ചിലവഴിച്ച തുക ഇനിയും ലഭിച്ചില്ലെന്ന് പരാതി. മുസിരീസ് പൈതൃക പദ്ധതിയുടെ ഉദ്ഘാടനത്തിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കൊടുങ്ങല്ലൂര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി താലൂക്ക് ഗവ. ആശുപത്രിയില്‍ നാല് കിടക്കകളുള്ള ഇന്റന്‍സീവ് കെയര്‍ യൂനിറ്റ്, വി.ഐ.പി ലേഞ്ച് എന്നിവ ഒരുക്കിയിരുന്നു.
കൂടാതെ വന്‍ മരുന്നു ശേഖരവും ആശുപത്രിയില്‍ തയ്യാറാക്കിയിരുന്നു. ഈ ഇനത്തില്‍ ചിലവഴിച്ച 22 ലക്ഷം രൂപ നാളിതുവരെയായിട്ടും സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടില്ല. രാഷ്ട്രപതിയുടെ സന്ദര്‍ശനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഈ തുക ലഭിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത ഉന്നത തല യോഗത്തിന്റെ തീരുമാന പ്രകാരമാണ് കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ. ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയത്. എന്നാല്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനം കഴിഞ്ഞതോടെ അധികൃതര്‍ പിന്‍വലിഞ്ഞ മട്ടാണ്. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയും, സൂപ്രണ്ടും മുന്‍കയ്യെടുത്ത് നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ആശുപത്രിക്ക് ബാധ്യതയായി മാറിയിരിക്കുകയാണ്. രാഷ്ട്രപതിയുടെ സന്ദര്‍ശനവേളയില്‍ ചിലവഴിച്ച 22 ലക്ഷം രൂപ അടിയന്തിരമായി ലഭ്യമാക്കണമെന്ന് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നഗരസഭ ചെയര്‍മാന്‍ സി.സി വിപിന്‍ചന്ദ്രന്‍ അധ്യക്ഷനായി. കെ.ആ ര്‍ ജൈത്രന്‍, ടി.എം നാസര്‍, കെ.എസ് കൈസാബ്, തങ്കമണി സുബ്രഹ്മണ്യന്‍, യൂസഫ് പടിയത്ത്, വി.എ ജ്യോതിഷ്, ബിന്ദു പ്രദീപ്, ഡോ. ടി.പി റോപ്പ്, സി.എ നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."