ഉപയോഗശൂന്യമായ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്തു
ചാവക്കാട് കുന്നംകുളം : ചാവക്കാട്,കുന്നംകുളം എന്നിവിടങ്ങളിലെ ഹോട്ടലുകളിലും ബേക്കറി കടകളിലും നഗരസഭ ആരോഗ്യ വകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധന നടത്തി. ഉപയോഗിക്കാനാകാത്ത ഒട്ടേറെ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. പിഴ ഇടാക്കിയ ശേഷം ഒമ്പത് കടയുടമകള്‍ക്ക് നോട്ടീസ് നല്‍കി. ഇന്നലെ രാവിലേയാണ് ചാവക്കാട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബഷീര്‍, പി.കെ മനോജ് എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തിയത്.
ഹോട്ടലുകളില്‍ നിന്നും പഴകിയ ചിക്കന്‍ കറി, മട്ടന്‍ കറി, ചപ്പാത്തി, പൊറോട്ട, ഫ്രൈഡ് റൈസ് തുടങ്ങിയവ സംഘം പിടിച്ചെടുത്തു. കരി ഓയില്‍ പോലേയുള്ള വെളിച്ചെണ്ണയിലാണ് ഇറച്ചിയും മത്സ്യവും പൊരിച്ചെടുത്തിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
കൂടാതെ ഹോട്ടലുകളിലെ ഭക്ഷ്യ പദാര്‍ഥങ്ങളില്‍ ഫുഡ് കളര്‍ വന്‍ തോതില്‍ കലര്‍ത്തിയിരുന്നതായും പരിശോധക സംഘം പറഞ്ഞു. ഹോട്ടലുകളില്‍ കണ്ടെത്തിയ പഴക്കംചെന്ന ഭക്ഷ്യ പദാര്‍ഥങ്ങള്‍ സംഘം നശിപ്പിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശിവ പ്രസാദ്, മനോജ് കുമാര്‍, കൈലാസ് എന്നിവരും പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു. അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
കുന്നംകുളത്ത് നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തിയത്. നഗരത്തിലെ പല ഹോട്ടലുകളില്‍ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നത് തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തി ലാണെന്നും ഒപ്പം പഴകിയ ഭക്ഷണങ്ങളാണ് വില്‍പന നടത്തുന്നതെന്നും പൊതു ജനങ്ങള്‍ നിരന്തരമായി പരാതി പറയുന്നതിനാല്‍ പൊതുജനങ്ങെള തൃപ്തിപെടുത്തുന്നതിനുള്ള താല്‍ക്കാലിക ചടങ്ങായാണ് പരിശോധന. എല്ലാ മൂന്ന് മാസങ്ങള്‍ കൂടുമ്പോഴും ഇത്തരത്തിലുള്ള നാടകങ്ങള്‍ കുന്നംകുളത്ത് പതിവാണ്. എന്നാല്‍ ഈ വര്‍ഷം ഇതാദ്യമായാണ് പരിശോധന നടന്നത്.
പേരിന് ഒന്നോ രണ്ടോ ഹോട്ടലുകളില്‍ പരിശോധന നടത്തി ഭക്ഷണ സാമഗ്രികള്‍ പിടിച്ചെടുത്ത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തകള്‍ നല്‍കുകയും പിന്നീട് യാതൊരു നടപടികളുമില്ലാതെ ഹോട്ടലുകള്‍ പഴയപടി പ്രവര്‍ത്തിക്കുകയും ചെയ്യും.
മഴകാലമെത്തുന്നതോടെ മഞ്ഞപിത്തമുള്‍പെടേയുള്ള അസുഖങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാഹചര്യമുണ്ടായിട്ടും ഇത്തരം സ്ഥാപനങ്ങളെ ഉപദേശിക്കാന്‍ പോലും കുന്നംകുളം നഗരസഭ ആരോഗ്യ വിഭാഗം തയ്യാറായിട്ടില്ല. ജനങ്ങളുടെ പാരാതി പെരുകുമ്പോള്‍ മാത്രം പരിശോധന നടത്തുകയും ചടങ്ങെന്ന പോലെ പിഴ അടിപ്പിക്കുന്നതിനുമുള്ള ഈ വര്‍ഷത്തെ ആദ്യ നാടകമാണ് ഇന്ന് നടന്നത്.
അടുത്ത നാടകം ആഗസ്റ്റ് മാസം ആദ്യവാരം അരങ്ങേറും. ആരോഗ്യ വിഭാഗം ജീവനക്കാരായ താജുദ്ധീന്‍, പരമേശ്വരന്‍, റഷീദ്, പ്രമോദ് എന്നിവരും നാടക സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."