1982ല്‍ മത്സരാര്‍ഥി; ഇപ്പോള്‍ മത്സരാര്‍ഥികളുടെ സാരഥി
തൃശൂര്‍: ജസ്റ്റിന്‍ ആന്റണി. 1982ലെ സ്‌കൂള്‍ കലോത്സവത്തിലെ ലളിതഗാന മത്സരാര്‍ഥി. ഈ കലോത്സവവേദിയില്‍ മത്സരാര്‍ഥികളെ ലക്ഷ്യത്തിലെത്തിക്കുന്ന സാരഥി.
ഉപജീവനമാര്‍ഗമായ ഓട്ടോറിക്ഷയുമായി തൃശൂര്‍ നഗരവീഥിയില്‍ തലങ്ങും വിലങ്ങും പായുമ്പോഴും ജസ്റ്റിന്‍ ആന്റണിയുടെ മനസില്‍ അലയടിക്കുന്നത് സംഗീതം മാത്രം. തന്റെ പാട്ടുകള്‍ക്ക് നാട് കാതോര്‍ക്കുന്ന ഒരുദിനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്‍പതുകാരനായ ഈ ചേറ്റുപുഴക്കാരന്‍. പഴയ പാട്ടുകള്‍ ഇഷ്ടപ്പെടുന്ന ജസ്റ്റിന്‍ യേശുദാസിന്റെ പാട്ടുകളാണ് ഉള്ളില്‍ കൊണ്ടുനടക്കുന്നത്.
തന്റെ പാതിശരീരം യേശുദാസും മറുപാതി പ്രേം നസീറുമാണെന്നാണ് ജസ്റ്റിന്‍ പറയുന്നത്. ഓട്ടോയില്‍ കരോക്കെ സിസ്റ്റമടക്കം സജ്ജീകരിച്ചാണ് ജസ്റ്റിന്റെ യാത്രകള്‍. ആര് ആവശ്യപ്പെട്ടാലും ആ നിമിഷം ഗാനമാലപിക്കാനും ജസ്റ്റിന്‍ തയാര്‍. സംഗീതത്തിന് മനസിന്റെ വേദനകളെ ഇല്ലാതാക്കാന്‍ കഴിയുമെന്ന വിശ്വാസക്കാരന്‍ കൂടിയാണ് ഈ കലാകാരന്‍. നഗരത്തിന്റെ ഏത് കോണിലും ഓടിയെത്തുന്ന ജസ്റ്റിന്‍ നാട്ടിലെ ചെറിയ ആഘോഷങ്ങളിലെ സ്ഥിരംഗായകനാണ്.
സംഗീതം പഠിക്കാന്‍ അതിയായ മോഹമുണ്ടായിരുന്നെങ്കിലും ജീവിതപ്രാരാബ്ധങ്ങള്‍ വിലങ്ങുതടിയായി.
ദുരിതജീവിതത്തിന്റെ മറുകര താണ്ടാന്‍ സഊദിയിലേക്ക് കടല്‍കടന്ന ജസ്റ്റിന് നാടിനേക്കാള്‍ നിറമുള്ള ഒരു സമ്മാനവും അവിടെനിന്ന് കിട്ടി. ഗായകന്‍ എം.ജി ശ്രീകുമാറിന്റെ ഒരു സ്റ്റേജ് ഷോയില്‍ യാദൃച്ഛികമായി പാടാന്‍ ലഭിച്ചത് ഇന്നും താളത്തുടിപ്പുള്ള ഓര്‍മയായി ജസ്റ്റിന്റെ മനസിലുണ്ട്. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ ജസ്റ്റിന്‍ സാധാരണക്കാരന്റെ ആശ്രയമായ ഓട്ടോറിക്ഷയെ ഉപജീവനമാര്‍ഗമായി സ്വീകരിക്കുകയായിരുന്നു. അറിയപ്പെടുന്ന ഗായകനാകുകയെന്ന സ്വപ്നത്തിന് ഒരിക്കല്‍ ചിറകുമുളക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് ജസ്റ്റിന്‍ ആന്റണിയുടെ ജീവിതത്തെ മുന്നോട്ടുനയിക്കുന്നത്. വീട്ടമ്മയായ ഭാര്യ റീനയും മക്കളായ അനീന ജസ്റ്റിനും അക്ഷര ജസ്റ്റിനും പൂര്‍ണ പിന്തുണയുമായി ജസ്റ്റിന് ഒപ്പമുണ്ട്. സെന്റ് അലോഷ്യസ് കോളജിലെ രണ്ടാം വര്‍ഷ ഗണിതശാസ്ത്ര വിദ്യാര്‍ഥിനിയായ അനീന ഡല്‍ഹിയില്‍ റിപബ്ലിക്ദിന ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച ഏക തൃശൂര്‍കാരി കൂടിയാണ്. പ്‌ളസ് വണ്‍ വിദ്യാര്‍ഥിനിയാണ് അക്ഷര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."