ആവശ്യത്തിന് എന്‍ജിനിയര്‍മാരില്ലാതെ കണ്ണൂര്‍ കോര്‍പറേഷന്‍ പ്രവൃത്തികള്‍ അവതാളത്തില്‍
കണ്ണൂര്‍: വാര്‍ഷിക പദ്ധതികള്‍ അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കണ്ണൂര്‍ കോര്‍പറേഷന്റെ പൊതുമരാമത്ത് പ്രവര്‍ത്തികള്‍ അവതാളത്തില്‍. കോര്‍പറേഷനില്‍ പുതിയ തസ്തികകള്‍ പ്രഖ്യാപിച്ചെങ്കിലും പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്കായി ഒരു എന്‍ജിനിയറെ പോലും നിയമിക്കാത്തതാണ് പ്രവര്‍ത്തികള്‍ വൈകാന്‍ കാരണം. കോര്‍പറേഷനായി ഉയര്‍ത്തിയതോടെ സൂപ്രണ്ട് എന്‍ജിനിയര്‍ തസ്തികയിലേക്ക് ഇതുവരെ നിയമനം നടന്നിട്ടില്ല. ഇപ്പോഴും നഗരസഭയായിരിക്കുമ്പോഴുള്ള മുനിസിപ്പല്‍ എന്‍ജിനിയറാണ് ചുമതലകള്‍ വഹിക്കുന്നത്. റോഡ് ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ക്ക് ഫണ്ട് തയാറായിട്ടുണ്ടെങ്കിലും എന്‍ജിനിയര്‍മാരുടെ അഭാവം പ്രവര്‍ത്തികളെ ബാധിക്കുന്നുണ്ട്. വിവിധ ഭാഗങ്ങളിലായി നടക്കുന്ന റോഡ് പണികള്‍ മാര്‍ച്ച് 20നകം പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതേസമയം, എന്‍ജിനിയറിങ് സെക്ഷനിലെ ഒന്നു മുതല്‍ നാലു വരെ വിഭാഗത്തില്‍ ജോലികള്‍ കുന്നുകൂടിയിരിക്കുകയാണെന്നും മാര്‍ച്ച് 31ന് പദ്ധതി നിര്‍വഹണത്തിന്റെ അവസാന തിയതി എത്തുമ്പോഴേക്കും ഇവിടേക്ക് ഒരാളെ നിയമിക്കാന്‍ അടിയന്തിര നടപടി എടുക്കണമെന്നും നേരത്തെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ കോര്‍പറേഷന്‍ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സോണലുകളില്‍ നിന്നു കോര്‍പറേഷനിലേക്ക് ഒരാളെപോലും കൊണ്ടുവരാന്‍ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി നിലവിലെ തെരുവിളക്കുകള്‍ മാറ്റി എല്‍.ഇ.ഡി വിളക്കുകള്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വിഭാഗം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കോര്‍പ്പറേഷന്റെ ദിശാബോധമില്ലാത്ത ഭരണവും പലകാര്യങ്ങള്‍ക്കും മേയര്‍ പരിഗണന നല്‍കാത്തതും പ്രവര്‍ത്തികളെ പിന്നോട്ടടിക്കുന്നതായി പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ടി.ഒ മോഹനന്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."