'എനിക്ക് നിങ്ങളെ വേണം.. രാജ്യത്തിന്റെ പാരമ്പര്യം സംരക്ഷിക്കണം'; പ്രവാസികളെ കയ്യിലെടുത്ത് രാഹുല്‍ ഗാന്ധി ബഹ്‌റൈനില്‍
മനാമ: 'എനിക്ക് നിങ്ങളെ വേണം.. നിങ്ങളുടെ രാജ്യസ്‌നേഹവും സന്മനോഭാവവും നൈപുണ്യവുമൊക്കെയാണ് ഇന്ത്യക്ക് ഇന്ന് ആവശ്യം. രാജ്യം ഇന്ന് ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. രാജ്യത്തിന്റെ പാരമ്പര്യം സംരക്ഷിക്കണം. അതിനാല്‍ രാജ്യത്തെ വിദ്വേഷ ശക്തികള്‍ക്കെതിരെ പോരാടാന്‍ എനിക്ക് നിങ്ങളുടെ സഹായം വേണം.. നിങ്ങള്‍ യാത്ര ചെയ്ത രാജ്യങ്ങളെ നിര്‍മിച്ച് കാണിച്ചു തന്നു. ഇനി ഇന്ത്യയുടെ പുനര്‍ നിര്‍മ്മാണത്തിനും നിങ്ങള്‍ സഹായിക്കണം. ഇത് അഭ്യര്‍ത്ഥിക്കാന്‍ മാത്രമാണിപ്പോള്‍ ഞാന്‍ വന്നത്'
കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനമേറ്റെടുത്തതിനു ശേഷം ആദ്യമായി ബഹ്‌റൈനിലെത്തിയ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ഹര്‍ഷാരവത്തോടെയാണ് പ്രവാസികള്‍ എതിരേറ്റത്.
മനാമയിലെ ഗള്‍ഫ് ഹോട്ടലില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഒറിജിന്‍ (ഗോപിയോ) കണ്‍വെഷന്‍ഷനിലാണ് പ്രവാസികളെ അഭിസംബോധന ചെയ്ത് ഹൃദയഹാരിയായ പ്രഭാഷണം രാഹുല്‍ കാഴ്ചവെച്ചത്.
[caption id="attachment_473636" align="aligncenter" width="630"] രാഹുല്‍ ഗാന്ധി ബഹ്‌റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയോടൊപ്പം[/caption]
ഇംഗ്ലീഷിലും ഹിന്ദിയിലുമായി 20 മിനുറ്റ് നീണ്ട പ്രഭാഷണം ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെല്ലാം പരാമര്‍ശിക്കുന്നതായിരുന്നു. വിദ്വേഷവും വിഭജനവും ഉയര്‍ത്തി എല്ലാവരിലും ഭീതി ഉത്പാദിപ്പിക്കുന്നു. ആര് എന്ത് കഴിക്കണം, ആര് ഏതു രൂപത്തില്‍ സമരം ചെയ്യണം, നാമെന്ത് പറയണം എന്നൊക്കെ ചിലര്‍ തീരുമാനിക്കാന്‍ ശ്രമിക്കുകയാണ്. അനീതികളെ ചോദ്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു. മതവിശ്വാസത്തിന്റെ പേരില്‍ അരുംകൊലയ്ക്ക് വിധേയമാകുന്നവര്‍ മറ്റൊരു ഭാഗത്തുണ്ട്. ദളിതുകള്‍, ഹിന്ദു തീവ്രവാദികളാല്‍ വേട്ടയാടപ്പെടുന്നു. സംശയാസ്പദമായ കൊലപാതകക്കേസുകള്‍ കൂടുന്നു- രാഹുല്‍ പറഞ്ഞു.
ഇത്തരം ആക്രമണ പരമ്പരകളുണ്ടായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ഇന്ത്യയെ പ്രാകൃത കാലത്തേക്ക് കൊണ്ടുപോവാനുള്ള ബോധപൂര്‍വമായ ശ്രമം അരങ്ങേറുമ്പോള്‍ നമുക്ക് മൗനികളായിരുന്നുകൂടാ. ലോകത്ത് തന്നെ ശ്രദ്ധേയമായ അഹിംസയുടെ കേന്ദ്രം എന്ന നിലയില്‍ ഇന്ത്യയെ നമുക്ക് തിരിച്ചുകൊണ്ടുവരാനാവണം. എല്ലാവരും ഇന്ത്യയുടെ കരുത്ത് തിരിച്ചറിയണം. നമ്മുടെ സ്‌നേഹ സംവാദങ്ങള്‍ സജീവമാക്കണമെന്നും രാഹുല്‍ ആഹ്വാനം ചെയ്തു.
ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. തൊഴിലില്ലായ്മ മൂലം യുവാക്കളിലുണ്ടായ അമര്‍ഷത്തെ സമൂഹങ്ങള്‍ തമ്മിലുള്ള വിദ്വേഷമാക്കി മാറ്റുകയാണ് സര്‍ക്കാരെന്നും അദ്ദേഹം ആരോപിച്ചു.
16 മില്യണ്‍ ഇന്ത്യന്‍ പ്രവാസികള്‍ വിവിധ രാജ്യങ്ങളായി കഴിയുന്നുണ്ട്. അവര്‍ ഇന്ത്യയിലേക്ക് അയക്കുന്നത് 70 ബില്യന്‍ ഡോളറാണ്.
നമ്മുടെ പ്രതിശീര്‍ഷ വരുമാനത്തിന്റെ 3.5 ശതമാനമാണിത്. ഇതില്‍ പകുതിയും ഇന്ത്യയുമായി എന്നും മികച്ച നയതന്ത്ര ബന്ധം കാത്തുവെക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു
തുടര്‍ന്നു നടന്ന മുഖാമുഖം സെഷനിലും പ്രവാസികളെ കയ്യിലെടുത്ത രാഹുല്‍ ഗാന്ധി വിവിധ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. ആറുമാസത്തിനകം തിളക്കമുള്ള ഇന്ത്യയെ സമ്മാനിക്കുമെന്ന് ഉറപ്പ് നല്‍കിയ അദ്ദേഹം താന്‍ പ്രധാനമന്ത്രിയായാല്‍ പുതിയ തൊഴിലവസരങ്ങള്‍, നിലവാരമുള്ള വിദ്യാഭ്യാസം, മികച്ച ചികിത്സ എന്നിവക്ക് പ്രാധാന്യം നല്‍കുമെന്നും ഇന്ത്യയുടെ പാരമ്പര്യം സംരക്ഷിക്കുമെന്നും വിവിധ ചോദ്യങ്ങള്‍ക്കുള്ള മറുപടിക്കിടെ വ്യക്തമാക്കി.
ചടങ്ങില്‍ ശൈഖ് ഖലീഫ ബിന്‍ നുഐജ് അല്‍ഖലീഫ, ശശി തരൂര്‍ എം.പി, സാം പിത്രോദ, സണ്ണി കുളത്താക്കല്‍, സോമന്‍ ബേബി, ഗോപിയോ ചെയര്‍മാന്‍ തോമസ് അബ്രഹാം, നീരജ് പി ബക്‌സി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംബന്ധിച്ചു.
ബഹ്‌റൈന്റെ അതിഥിയായി എത്തിയ അദ്ധേഹം ബഹ്‌റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ അടക്കമുള്ള പ്രമുഖ രാഷ്ട്ര നേതാക്കളുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."