വഖ്ഫ് ബോര്‍ഡ് നിയമനം ഇടതുപക്ഷത്തിന്റെ കാവി അജണ്ട
മുസ്‌ലിംകളുടെ സ്വയാര്‍ജിത സ്വത്തുവകകളാണ് വഖ്ഫ് വസ്തുക്കള്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് യാതൊരുവിധ ധനസഹായവും സ്വീകരിക്കാതെ മുസ്‌ലിംകള്‍ സ്ഥാപിച്ചു നടത്തി വരുന്നതാണ് വഖ്ഫ് സ്വത്തുക്കളും സ്ഥാപനങ്ങളും. സംസ്ഥാനത്ത് മാത്രം അര ലക്ഷത്തിലധികം വഖ്ഫ് സ്വത്തുക്കളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഈ സ്വത്തുക്കളെല്ലാം നല്ല ഉദ്ദേശ്യത്തോടെ വ്യക്തികളും സംഘടനകളും സമാര്‍ജിച്ചവയാണ്. ശരീഅത്ത് നിയമപ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ളതാണ് വഖ്ഫ് വസ്തുവകകള്‍.
ഇത്തരം സ്വത്തുക്കള്‍ അന്യാധീനപ്പെടാതിരിക്കാനും സംരക്ഷിക്കാനും ഉണ്ടാകാനിടയുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും 1995ല്‍ സമഗ്രമായ വഖ്ഫ് നിയമം ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയതും നിലവിലുള്ളതുമാണ്. ഇതനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന ബോര്‍ഡുകളാണ് ഭരണം നടത്തുന്നത്.
വഖ്ഫ് സ്ഥാപനങ്ങളുടെ ആധികാരിക കേന്ദ്രീകൃത ബോര്‍ഡ് എന്ന നിലക്ക് ജീവനക്കാരുടെ നിയമനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ വച്ചിട്ടുണ്ട്.
ഇപ്പോള്‍ എറണാകുളത്തെ ഹെഡ് ഓഫിസും ഏഴ് ബ്രാഞ്ച് ഓഫിസുകളും നൂറിലധികം ജീവനക്കാരും അടങ്ങിയതാണ് കേരള വഖ്ഫ് ബോര്‍ഡ്. മുതവല്ലിമാരുടെ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടു പ്രതിനിധികള്‍ അടങ്ങിയ കേരള വഖ്ഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് യാതൊരുവിധ പരാതികളോ പ്രശ്‌നങ്ങളോ ഇന്നോളം ഉയര്‍ന്നുവന്നിട്ടില്ല.
സംസ്ഥാന സര്‍ക്കാര്‍ വഖ്ഫ് , ദേവസ്വം ബോര്‍ഡുകളിലേക്കുള്ള നിയമനം പി.എസ്.സിക്കു വിടാന്‍ തീരുമാനിച്ച് ഉത്തരവിറക്കിയിരുന്നു. ഇത് അതത് സമുദായത്തിന്റെ വിശ്വാസ പ്രവര്‍ത്തനാവകാശത്തിലും സ്വാതന്ത്ര്യത്തിലും കൈകടത്തലാണെന്ന ആക്ഷേപം ഉയര്‍ന്നുവന്നു. അപ്പോള്‍ ദേവസ്വം ബോര്‍ഡ് നിയമന ഉത്തരവ് പിന്‍വലിക്കുകയും വഖ്ഫ് ബോര്‍ഡ് ഉത്തരവ് നിലനിര്‍ത്തുകയുമാണ് സര്‍ക്കാര്‍ ചെയ്തത്.
ഇത് ഇരട്ട നീതി മാത്രമല്ല ഭരണഘടന മതന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പുനല്‍കിയ മൗലികാവകാശത്തിലുള്ള ഇടപെടല്‍ കൂടിയാണ്. ആള്‍ട്ടിക്കിള്‍ 26ന്റെ നഗ്‌നമായ ലംഘനമാണിത്.
മുസ്‌ലിംകള്‍ അവരുടെ മതകീയാവശ്യങ്ങള്‍ക്ക് സ്വയം കണ്ടെത്തിയതും ഭരണഘടന അനുവദിച്ചതുമായ അവകാശത്തില്‍ ഒരു സര്‍ക്കാരിന് എങ്ങനെ ഇടപെടാനാവും. മുസ്‌ലിംകളുടെ മതകീയ മതിലിനകത്ത് അനാവശ്യമായി കടന്നുകയറി സര്‍ക്കാര്‍ എന്തു താല്‍പര്യമാണ് ലക്ഷീകരിക്കുന്നത്.
ഇതര സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് ബി.ജെ.പി സര്‍ക്കാരുകള്‍ക്ക് ഒരു അപ്പക്കഷണം എറിഞ്ഞുകൊടുത്ത് പള്ളി, മദ്‌റസ, അറബിക് കോളജുകള്‍, ഖബര്‍ സ്ഥാനുകള്‍, അനാഥാലയങ്ങള്‍ ഇതിലെല്ലാം കാവിപ്പടക്ക് ഒരിടം ഒരുക്കാന്‍ പിണറായി വിജയന്റെ ഉപദേശികള്‍ ശ്രമിക്കുകയാണ്.
വഖ്ഫ് ബോര്‍ഡില്‍ മികച്ച ഭാഷാ പരിജ്ഞാനമുള്ള ഉദ്യോഗസ്ഥരില്ലെന്നാണ് മന്ത്രി കെ.ടി ജലീല്‍ നല്‍കുന്ന വിശദീകരണം. എത്ര ബാലിശമാണ് ഈ വാദം.
വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമാക്കിയാല്‍ തീരുന്നതാണ് ഉന്നയിക്കപ്പെട്ട കാര്യം. വസ്തുത മറിച്ചാണ്. നാളിതുവരെയുള്ള നിയമനങ്ങള്‍ പൊതു മാര്‍ക്കറ്റില്‍ നിന്നല്ല നടത്തിയത്. വഖ്ഫ് നിയമങ്ങളില്‍ നിര്‍ദേശിച്ച വ്യവസ്ഥ പ്രകാരം ഇന്റര്‍വ്യൂ നടത്തിയാണ് നിയമനങ്ങള്‍. മറിച്ചാണെങ്കില്‍ അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ കോടതികളെ സമീപിക്കുമായിരുന്നുവല്ലോ.
ഉദ്യോഗരംഗം കാവിവല്‍ക്കരണം തുടങ്ങിയിട്ട് കാലങ്ങളായി. ഇത്തരം ഉദ്യോഗസ്ഥരുടെയോ കെ.ടി ജലീലിനെപ്പോലുള്ള അധികാര ദാഹികളുടെയോ ഉപദേശമാണ് സ്വീകരിച്ചിരിക്കുന്നതെങ്കില്‍ മുസ്‌ലിം സമുദായം ഇത് അംഗീകരിക്കാന്‍ പോകുന്നില്ല. കളിച്ച് കളിച്ച് പള്ളിയിലും കയറി കളിക്കാനാണ് ഭാവമെങ്കില്‍ എന്തു വിലകൊടുത്തും മുസ്‌ലിം സമുദായം ഇത് ചെറുക്കാന്‍ നിര്‍ബന്ധിതമാകും. വഖ്ഫ് ബോര്‍ഡ് മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമാണ്. അതവര്‍ക്ക് നോക്കി നടത്താനാകും. അതിലൊരു സര്‍ക്കാര്‍ വിലാസം കളി അനുവദിക്കാനാവില്ല. വഖ്ഫ് ബോര്‍ഡിന്റെ നിയമത്തിനും ഭരണഘടനാ വ്യവസ്ഥക്കും ശരീഅത്ത് വ്യവസ്ഥക്കും നിരക്കാത്ത തനി വര്‍ഗീയ ഉത്തരവുമായി വന്നാല്‍ അംഗീകരിക്കാന്‍ മുസ്‌ലിംകള്‍ക്കാവില്ല.
സംസ്ഥാന ജനസംഖ്യയിലെ മൂന്നിലൊന്ന് (90 ലക്ഷത്തിലധികം) മുസ്‌ലിംകളാണ്. അവര്‍ ഇവിടെ നിര്‍വഹിച്ച ധര്‍മം ആര് മറന്നാലും വഖ്ഫ് മന്ത്രി മറക്കരുത്. ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് കഴിയാത്ത വിദ്യാഭ്യാസ വിപ്ലവം വഖ്ഫ് സ്ഥാപനങ്ങളാണ് നിര്‍വഹിച്ചത്. ഇപ്പോഴത് പിടിച്ചടക്കി പാര്‍ട്ടി നിയന്ത്രണത്തിലാക്കാനോ, ഫാസിസ്റ്റുകള്‍ക്ക് നല്‍കാനോ ആരില്‍ നിന്നെങ്കിലും അച്ചാരം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് നടപ്പില്ല. ഈ മതധ്വംസനത്തിനെതിരില്‍ പ്രതിഷേധം വ്യാപിക്കും. ഉത്തരവ് പിന്‍വലിച്ച് ഉത്തരവിറക്കാന്‍ വൈകരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."