ആര്.എസ്.എസ് വേദി പങ്കിട്ട പാനൂര്‍ ലോക്കല്‍ സെക്രട്ടറിയെ സി.പി.എം മാറ്റി
പാനൂര്‍(കണ്ണൂര്‍): ആര്.എസ്.എസ് വേദി പങ്കിട്ട പാനൂര്‍ ലോക്കല്‍ സെക്രട്ടറിയെ സി.പി.എം നീക്കി. പാര്‍ട്ടിയുടെ അനുമതിയില്ലാതെ ആര്.എസ്.എസിന്റെ സേവന വിഭാഗമായ സേവാഭാരതിയുടെ വേദിയില്‍ പങ്കെടുത്ത സി.പി.എം പാനൂര്‍ ലോക്കല്‍ സെക്രട്ടറി കെ.കെ പ്രേമനെയാണ് സ്ഥാനത്തു നിന്ന് നീക്കിയത്.
നേരത്തെ സി.പി.എം ഏരിയാ കമ്മിറ്റി പ്രേമനോട് വിശദീകരണം തേടിയിരുന്നു. ഇന്നലെ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗമാണ് ലോക്കല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാന്‍ തീരുമാനിച്ചത്. പ്രേമനെ പാനൂര്‍ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്തു നിന്നും ഒഴിവാക്കിയെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഫേസ്ബുക്ക് പോസ്റ്റിലൂടെയും അറിയിച്ചു. ഇതോടെ പ്രേമന് ബ്രാഞ്ച് കമ്മിറ്റി അംഗത്വത്തിലേക്ക് തരം താഴ്ത്തപ്പെട്ടിരിക്കുകയാണ്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റും ഏരിയാ കമ്മിറ്റി അംഗവുമായ എം.പി ബൈജുവിന് ലോക്കല്‍ സെക്രട്ടറിയുടെ ചുമതല നല്കി.
രണ്ടാം തവണയാണ് പ്രേമനെതിരേ നടപടി വരുന്നത്. 2013ല്‍ പാനൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിനെതിരേ അവിശ്വാസ പ്രമേയം വന്നപ്പോള്‍ സി.പി.എമ്മും ബി.ജെ.പിയും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചതിന് അന്ന് പഞ്ചായത്ത് മെംബറും ലോക്കല്‍ സെക്രട്ടറിയുമായിരുന്ന പ്രേമനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."