ബഹ്റൈനില്‍ പ്രവാസികളെ ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം
മനാമ: 'എനിക്ക് നിങ്ങളെ വേണം.. നിങ്ങളുടെ രാജ്യസ്നേഹവും സന്മനസും നൈപുണ്യവുമൊക്കെയാണ് ഇന്ത്യക്ക് ഇന്ന് ആവശ്യം. ഇന്ത്യ ഇന്നു ഗുരുതരമായ പ്രശ്നങ്ങള്‍ നേരിടുകയാണ്. രാജ്യത്തിന്റെ പാരമ്പര്യം സംരക്ഷിക്കണം. അതിനാല്‍ രാജ്യത്തെ വിദ്വേഷത്തിന്റെ ശക്തികള്‍ക്കെതിരേ പോരാടാന്‍ എനിക്ക് നിങ്ങളുടെ സഹായം വേണം. ഇന്ത്യയുടെ പുനര്‍നിര്‍മാണത്തിനു നിങ്ങള്‍ സഹായിക്കണം.'
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി ബഹ്റൈനിലെത്തിയ രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ ഹര്‍ഷാരവത്തോടെയാണു പ്രവാസികള്‍ എതിരേറ്റത്. മനാമയിലെ ഗള്‍ഫ് ഹോട്ടലില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ ഓര്ഗനൈസേഷന് ഓഫ് പീപ്പിള്‍ ഓഫ് ഒറിജിന്‍ (ഗോപിയോ) കണ്വഷന്ഷനിലാണു പ്രവാസികളെ അഭിസംബോധന ചെയ്ത് രാഹുല്‍ ഹൃദയഹാരിയായ പ്രഭാഷണം നടത്തിയത്. ഇംഗ്ലീഷിലും ഹിന്ദിയിലുമായി 20 മിനിറ്റ് നീണ്ട പ്രഭാഷണത്തില്‍ ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെല്ലാം അക്കമിട്ടു നിരത്തി.
തുടര്‍ന്നു നടന്ന മുഖാമുഖം സെഷനിലും പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി മറുപടി പറഞ്ഞു. ചടങ്ങില്‍ ശൈഖ് ഖലീഫ ബിന്‍ നുഐജ് ആല്‍ഖലീഫ, ശശി തരൂര്‍ എം.പി, സാം പിത്രോദ, സണ്ണി കുളത്താക്കല്‍, സോമന് ബേബി, ഗോപിയോ ചെയര്മാന് തോമസ് അബ്രഹാം, നീരജ് പി. ബക്സി സംബന്ധിച്ചു.
ബഹ്റൈന്റെ ഔദ്യോഗിക അതിഥിയായെത്തിയ അദ്ദേഹം കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ അടക്കമുള്ള പ്രമുഖ രാഷ്ട്രനേതാക്കളുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."