ഏറ്റവും കൂടുതല്‍ അസഹിഷ്ണുതയുള്ളത് സാഹിത്യരംഗത്ത്: മുഖ്യമന്ത്രി
കോഴിക്കോട്: ഏറ്റവും കൂടുതല്‍ അസഹിഷ്ണുത നിലനില്‍ക്കുന്നത് സാഹിത്യരംഗത്താണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്ട് നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എഴുത്തുകാര്‍ എന്തെഴുതണമെന്നും ഏതു കൃതി പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നും ചിലര്‍ കല്‍പ്പിക്കുന്നു. സാഹിത്യത്തിനു പുറത്തു നിന്നുകൊണ്ട് അവസാന വാക്കു പറയാനാണ് ഇത്തരം ശക്തികള്‍ ശ്രമിക്കുന്നത്. ഇതുനടപ്പാക്കാന്‍ ചിലര്‍ രംഗത്തിറങ്ങുന്നതു വര്‍ഗീയത ശക്തിപ്പെടുത്താന്‍ ഇടയാക്കും.
വര്‍ഗീയത കലയുടെ രംഗത്തു കൈവച്ചാല്‍ മൗലികതയുടെ തുടിപ്പുകള്‍ നഷ്ടപ്പെടും. സമൂഹം ചിന്താപരമായി വളരാതിരിക്കാനുള്ള ഇടപെടലുകളാണ് നടക്കുന്നത്. ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍കര്‍, എം.എം കല്‍ബുര്‍ഗി എന്നിവര്‍ കൊലചെയ്യപ്പെട്ടു. അവര്‍ അഭിപ്രായങ്ങള്‍ തുറന്നു പറയുകയും പറയാനുള്ള അഭിപ്രായങ്ങള്‍ വേദികളില്‍ തുറന്നു സംസാരിക്കുകയും ചെയ്തതാണ് ജീവനെടുക്കാന്‍ കാരണം. എം.എഫ് ഹുസൈന്‍ രാജ്യത്തെ അസഹിഷ്ണുതയുടെ ഭാഗമായിട്ടാണ് നാടുകടത്തപ്പെട്ടത്. മരണക്കിടക്കയിലിരിക്കെ യു.ആര്‍ അനന്തമൂര്‍ത്തിക്ക് പാകിസ്താനിലേക്കുള്ള പ്രവേശന ടിക്കറ്റ് നല്‍കിയതും മൃണാളിനി സാരാഭായ്, മല്ലികാസാരാഭായ് എന്നിവര്‍ക്ക് വീട്ടുതടങ്കലില്‍ കിടക്കേണ്ടി വന്നതും ദീപാ മേത്തയ്ക്കു സിനിമ പിന്‍വലിക്കേണ്ടിവന്നതും അസഹിഷ്ണുക്കളുടെ ഭീഷണി കൊണ്ടാണ്.
എം.ടി. വാസുദേവന്‍നായര്‍ക്കും കമലിനും നേരെ ഭീഷണി അടുത്തകാലത്താണുണ്ടായത്. കേരളത്തില്‍ ഇതൊന്നും നടക്കുന്നില്ലെന്ന് കുറച്ചുകാലം മുന്‍പുവരെ നമ്മള്‍ ആശ്വാസം കൊണ്ടിരുന്നു. കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധതയ്ക്കു ചേരാത്ത കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്. കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധതയെ കളങ്കപ്പെടുത്താന്‍ രംഗത്തെത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."