മയക്കു മിഠായി നല്‍കി പണവും ഫോണും കവര്‍ന്നു
തിരൂര്‍: ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കാന്‍പോയ അസം സ്വദേശിയായ യുവാവിന്റെ 11,800 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു. തിരൂര്‍ പൂങ്ങോട്ടുകുളത്തെ സിംല ഹോട്ടലിലെ തൊഴിലാളിയായ മുഹമ്മദ് ഖയൂമിന് (20) മയക്കുമിഠായി നല്‍കി ബോധം കെടുത്തിയാണ് കവര്‍ച്ച നടത്തിയത്. ബിഹാര്‍ സ്വദേശികളാണ് കവര്‍ച്ചയ്ക്കു പിന്നില്‍.
ഇന്നലെ രാവിലെ തിരൂര്‍ പാന്‍ബസാറിലെ എസ്.ബി.ഐ ശാഖയിലെ തന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാന്‍ പോയതായിരുന്നു മുഹമ്മദ് ഖയൂം. ഓഫിസ് സമയം തുടങ്ങും മുന്‍പ് എത്തിയതിനാല്‍ ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. അതിനാല്‍ ഖയൂം പുറത്തു കാത്തുനിന്നു. ഇതിനിടെ രണ്ട് ബിഹാറികളെത്തി മുഹമ്മദ് ഖയൂമുമായി സൗഹൃദം സ്ഥാപിച്ചു. ബാങ്ക് തുറന്നതോടെ അകത്തുകയറി പണം നിക്ഷേപിക്കാനുള്ള ഫോം ഇവര്‍ ഒരുമിച്ചാണ് പൂരിപ്പിച്ചത്. ഇതിനിടെ ബിഹാറികളില്‍ ഒരാള്‍ ഖയൂമിന് മിഠായി നല്‍കുകയായിരുന്നു.
മിഠായി കഴിച്ചതോടെ ഖയൂം കുഴഞ്ഞുവീഴുകയും ബിഹാറികള്‍ പണവും മൊബൈല്‍ ഫോണുമായി കടന്നുകളയുകയുമായിരുന്നു. ഒരു മണിക്കൂറോളം ബോധരഹിതനായി കിടന്ന ഖയൂം ബോധം തെളിഞ്ഞതിന് ശേഷമാണ് താന്‍ തട്ടിപ്പിനിരയായ വിവരം അറിയുന്നത്. സംഭവത്തെ തുടര്‍ന്ന് തിരൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."