എന്‍ഡോസള്‍ഫാന്‍ പാക്കേജ്: ബദിയടുക്കയില്‍ തുടങ്ങിയ പദ്ധതികള്‍ പാഴാകുന്നു
ബദിയഡുക്ക: കുടിവെള്ള ക്ഷാമം രൂക്ഷമാവുമ്പോഴും നാലുവര്‍ഷം മുമ്പ് എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ തുടങ്ങിയ കുടിവെള്ള പദ്ധതികള്‍ നോക്കു കുത്തിയായി. സംസ്ഥാന വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ ജില്ലാ പഞ്ചായത്ത് ബദിയഡുക്ക ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ആരംഭിച്ച നാലു കുടിവെള്ള പദ്ധതികളാണു പാതി വഴിയില്‍ ഉപേക്ഷിച്ചത്. കുടിവെള്ള ക്ഷാമം രൂക്ഷമായ പഞ്ചായത്തിലെ എരുപ്പകട്ട, കാരമൂല, വിദ്യാഗിരി പഞ്ചിക്കല്‍, പള്ളത്തടുക്ക എന്നീ പ്രദേശങ്ങളിലാണു പദ്ധതിക്കു തുടക്കമിട്ടത്.
തുടക്കത്തില്‍ തന്നെ ക്രമക്കേട് കണ്ടെത്തിയതിനെതുടര്‍ന്നു വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. കുഴല്‍കിണര്‍ നിര്‍മിച്ചു കൂറ്റന്‍ ടാങ്ക് പണിതു പൈപ്പ് ലൈന്‍ വഴി കുടിവെള്ളം എത്തിക്കുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 25.75 ലക്ഷം രൂപ ചെലവഴിച്ചു നടപ്പിലാക്കിയ പള്ളത്തടുക്ക കുടിവെള്ള പദ്ധതിക്കു വേണ്ടി കുഴല്‍ കിണര്‍, മോട്ടര്‍, ടാങ്ക്, പൈപ്പ് ലൈന്‍ എല്ലാമൊരുക്കിയിരുന്നു. എന്നാല്‍ വെള്ളം പമ്പ് ചെയ്യുമ്പോള്‍ പൈപ്പ് പൊട്ടി ജലം പാഴാകുന്നതു കാരണം പദ്ധതി പൂര്ത്തിയായില്ലെന്നാണു നാട്ടുകാരുടെ പരാതി. അതേസമയം 17.43 ലക്ഷം രൂപ ചെലവഴിച്ചു നടപ്പാക്കിയ പദ്ധതി വിജിലന്‍സ് അന്വേഷണം നേരിടുന്നതിനാല്‍ പാതി വഴിയില്‍ നിലച്ചിരിക്കുകയാണ്.
പദ്ധതിക്കു വേണ്ടി ടാങ്ക് പണിതതു സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ്. അതോടുകൂടി മറ്റു പ്രവര്‍ത്തനങ്ങള്‍ ഒന്നും ഇവിടെ നടപ്പാക്കിയിട്ടില്ല. 17.12 ലക്ഷം രൂപ ചെലവഴിച്ചു നടപ്പാക്കിയ വിദ്യാഗിരി പഞ്ചിക്കല്‍ കുടിവെള്ള പദ്ധതിയുടെ സ്ഥിതിയും ഇതു തന്നെയാണ്. പദ്ധതി നടപ്പായെങ്കിലും പ്രയോജനം ചിലര്‍ക്കു മാത്രമായി ഒതുങ്ങുന്നതായി ആരോപണം നില നില്ക്കുന്നു.
ലക്ഷങ്ങള്‍ ചെലവഴിച്ചു നടപ്പിലാക്കിയ പദ്ധതികളുടെ ജല വിതരണത്തിന് ഉപയോഗിച്ച പൈപ്പുകള്‍ ഗുണ നിലവാരമില്ലാത്തതാണു പദ്ധതികള്‍ പാതി വഴിയില്‍ മുടങ്ങാന്‍ കാരണം. കടുത്ത കുടി വെള്ള ക്ഷാമം അനുഭവപ്പെടുന്നതിനു മുമ്പ് പദ്ധതികളുടെ പ്രവര്‍ത്തനം കാര്യ ക്ഷമമാക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."