ബൂള്‍ട്ട് കങ്കാരുക്കളെ എറിഞ്ഞു വീഴ്ത്തി
ഹാമില്ട്ടന്: മൂന്നാം ഏകദിനത്തില്‍ ആസ്ത്രേലിയയെ 24 റണ്‍സിന് തകര്‍ത്ത് ന്യൂസിലന്‍ഡ് ഏകദിന പരമ്പര സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ നേരത്തെ തന്നെ ജയം സ്വന്തമാക്കിയ കിവീസ് പരമ്പര 2-0നാണ് സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിന്റെ 282 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന കങ്കാരുക്കള്‍ 257 റണ്‍സിന് കൂടാരം കയറുകയായിരുന്നു.
സ്കോര്‍ പിന്തുടര്‍ന്ന ആസ്ത്രേലിയക്ക് ആരോണ്‍ ഫിഞ്ച്(56) ഷോണ്‍ മാര്‍ഷ്(22) എന്നിവര്‍ ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. എന്നാല്‍ മാര്‍ഷ് മടങ്ങിയതോടെ ആസ്ത്രേലിയ കളി കൈവിട്ടു. തൊട്ടു പിന്നാലെ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്(0) പുറത്തായി. രണ്ടിന് 44 എന്ന നിലയിലേക്ക് വീണ ടീമിനെ ട്രാവിസ് ഹെഡ്(53) ഫിഞ്ച് സഖ്യമാണ് മുന്നോട്ടു നയിച്ചത്. ഫിഞ്ച് അഞ്ചു ബൗണ്ടറിയും രണ്ടു സിക്സറും പറത്തി. ട്രാവിസ് ഹെഡിന്റെ ഇന്നിങ്സില്‍ അഞ്ചു ബൗണ്ടറിയുണ്ടായിരുന്നു. ഫിഞ്ച് പുറത്തായ ശേഷം എത്തിയ ഗ്ലെന്‍ മാക്സ്വെല്(0) അക്കൗണ്ട് തുറക്കും മുമ്പേ പുറത്തായി.
അവസാന ഘട്ടത്തില്‍ മാര്‍ക്കസ് സ്റ്റോയിനിസ്(42) പാറ്റ് കമ്മിന്‍സ്(27) മിച്ചല്‍ സ്റ്റാര്‍ക്(29) എന്നിവര്‍ ചേര്‍ന്നാണ് ആസ്ത്രേലിയയുടെ സ്കോര്‍ 250 കടത്തിയത്. മധ്യനിര പൂര്‍ണമായും ബൂള്‍ട്ടിന്റെ തീപാറും പന്തുകള്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. ബൂള്‍ട്ട് തന്നെയാണ് മത്സരത്തിലെ താരവും.
നേരത്തെ ടോസ് നേടിയ കിവീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. റോസ് ടെയ്ല(107)റുടെ സെഞ്ച്വറിയാണ് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഡീന്‍ ബ്രൗണ്‍ലി(63) മികച്ച പിന്തുണ നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."