മാമ്പുഴയില്‍ ഇനി തെളിനീരൊഴുകും സര്‍വേ നടപടികള്‍ ആരംഭിച്ചു
പെരുമണ്ണ: മാമ്പുഴയില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനു സാങ്കേതികാനുമതിക്കായുള്ള സര്‍വേ നടപടികള്‍ പുരോഗമിക്കുന്നു. കോഴിക്കോട്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുകള്‍, ഒളവണ്ണ, പെരുമണ്ണ, പെരുവയല്‍ പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ ത്രിതല പഞ്ചായത്ത് സംവിധാനം 2017-18 സാമ്പത്തിക വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.75 കോടി രൂപ എസ്റ്റിമേറ്റിലാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നതും മോണിറ്ററിങ് നടത്തുകയും ചെയ്യുന്നത്. കുറ്റിക്കാട്ടൂര്‍ മുതല്‍ കടുപ്പിനി വരെയുള്ള മാമ്പുഴയുടെ അടിത്തട്ടില്‍ കുമിഞ്ഞുകൂടിയ ചെളിയുള്പ്പടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതാണ് പദ്ധതി. ഇതിനുള്ള ഭരണാനുമതി ലഭിച്ചിട്ടുണ്ട്. സാങ്കേതികാനുമതി ലഭ്യമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് എക്സിക്യുട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ എന്‍ജിനീയറിങ് വിഭാഗം ജി.പി.ആര്.എസ് സംവിധാനം ഉപയോഗപ്പെടുത്തി പദ്ധതി പ്രദേശങ്ങള്‍ പരിശോധിച്ചിരുന്നു.
ഇപ്പോള്‍ നടന്നുവരുന്ന സര്‍വേ നടപടികള്‍ കുറ്റിക്കാട്ടൂരില്‍ നിന്ന് ആരംഭിച്ചിട്ട് അഞ്ചു ദിവസം പിന്നിട്ടു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള സര്‍വേ സംഘമാണ് നടപടികള്‍ ഏറ്റെടുത്തത്. മാമ്പുഴ സംരക്ഷണ സമിതിയുടെ ഒന്‍പത് വര്‍ഷത്തെ നിരന്തര ഇടപെടല്‍ മൂലം ഗ്രാമ പഞ്ചായത്തുകള്‍ മാമ്പുഴ തീരത്തെ കൈയേറ്റ ഭൂമി കണ്ടെത്തി സര്‍വേ കല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വൃക്ഷങ്ങള്‍ക്ക് നമ്പറിട്ട് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ചേര്‍ക്കുന്ന നടപടികള്‍ പെരുമണ്ണ പഞ്ചായത്ത് മാത്രമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."